10000 തികച്ച് റെനോ ട്രൈബര്‍


ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എംപിവി അടുത്തിടെയാണ് അവതരിപ്പിച്ചത്.  റെനോയുടെ തന്നെ ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി എത്തുന്ന വാഹനം ഇപ്പോള്‍ നിരത്തില്‍ കുതിക്കുകയാണ്. 10000 യൂണിറ്റ് ട്രൈബറുകള്‍ നിരത്തിലെത്തിക്കഴിഞ്ഞു. 

വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. 2019 ഓഗസ്റ്റിലാണ് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ നേട്ടത്തിന് ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നവെന്നും മെട്രോ നഗരങ്ങളിലും ഗ്രാമീണ വിപണികളിലും റെനോ ട്രൈബറിന് മികച്ച സ്വീകാര്യതയാണ് ഉള്ളതെന്നും റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ & മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്‌റാം മാമില്ലാപള്ളി പറഞ്ഞു. ബുക്കിംഗ് മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ഉല്‍പ്പാദനം വര്‍ധിപ്പിച്ചതായും ഡെലിവറി വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍.  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്. 

Last Updated 10, Nov 2019, 4:46 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.