സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടുകള്‍; വളര്‍ന്നതാര്? തളര്‍ന്നതാര്?
ന്യൂഡല്‍ഹി: രണ്ട് അയല്‍ രാജ്യങ്ങള്‍. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകള്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാനതകള്‍ ഇത്ര മാത്രം. 1947ല്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉണ്ടായത്. ഒന്ന് ബ്രിട്ടീഷുകാര്‍ ഭരണം അവസാനിപ്പിച്ച് ഇന്ത്യ വിട്ടു. രണ്ട്, ഇന്ത്യയെ രണ്ടായി വിഭജിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതും ഇന്ത്യ വിഭജിക്കപ്പെട്ടതും ഒരേ സമയത്തായിരുന്നു എന്ന് അര്‍ത്ഥം.

എന്നാല്‍ ഇന്ത്യ എന്ന മഹാരാജ്യത്തെ വിഭജിക്കുമ്പോള്‍ പാകിസ്ഥാനായിരുന്നു ആനുകൂല്യങ്ങള്‍ കൂടുതലായി ലഭിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ വിഭജനം നടത്തിയപ്പോള്‍ ഫലഭൂയിഷ്ടമായ മണ്ണും കൃഷിയിടങ്ങളുമുള്‍പ്പടെ പാകിസ്ഥാന്റെ ഭൂപ്രദേശത്തായി. സാമ്പത്തിക-സാമൂഹിക രംഗങ്ങളിലും പാകിസ്ഥാനായിരുന്നു മേല്‍ക്കൈ. എന്നിട്ടും പാകിസ്ഥാന്‍ തളര്‍ന്നതല്ലാതെ വളര്‍ന്നില്ല. പക്ഷേ ഇന്ത്യ വളര്‍ന്നു, മറ്റ് ലോകരാജ്യങ്ങള്‍ക്കൊപ്പം, ഒരുപക്ഷേ മറ്റ് രാജ്യങ്ങളേക്കാള്‍ വേഗത്തില്‍.

എന്താണ് ഇന്ത്യയുടേയും പാകിസ്ഥാന്റേയും വളര്‍ച്ചയെ ബാധിച്ച ഘടകങ്ങള്‍

1971 വരെ ഇന്ത്യയുടേയും പാകിസ്ഥാന്റേയും ശിശുമരണ നിരക്ക് ഏറെക്കുറേ സമാനമായിരുന്നു. 1000ല്‍ 71 എന്ന നിലയിലായിരുന്നു ശിശുമരണ നിരക്ക് മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇന്ത്യ ഈ സ്ഥിതി വിശേഷത്തിന് മാറ്റം വരുത്തി. ബഹുദൂരം മുന്നോട്ട് സഞ്ചരിച്ച ഇന്ത്യയില്‍ ഇന്ന് 1000 കുട്ടികളില്‍ 31ാണ് ശിശുമരണ നിരക്കെങ്കില്‍ പാകിസ്ഥാനില്‍ ഇത് 61ാണ്. ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്നേറി. 1947ല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 41 ആയിരുന്നെങ്കില്‍ ഇന്ന് 69 ആണ്. എന്നാല്‍ പാകിസ്ഥാനില്‍ 46 ആയിരുന്ന ആയുര്‍ദൈര്‍ഘ്യം ഇന്ന് 66ഉം.

ഒരു രാജ്യത്തിന്റെ വളര്‍ച്ച നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് ആഭ്യന്തര ഉത്പാദനം. എന്നാല്‍ 1947 മുതല്‍ 1960 വരെയുളള കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ ഏറെ പിന്നിലായിരുന്നു. അന്ന് ഇന്ത്യയുടെ ജിഡിപി 3.6 ശതമാനം മാത്രമായപ്പോള്‍ പാകിസ്ഥാന്റെ വളര്‍ച്ച 6 ശതമാനമായിരുന്നു. ഈ അവസ്ഥയില്‍ നിന്നും ഇന്ത്യ മുന്നേറിയപ്പോള്‍ ആ കാഴ്ച നോക്കി നില്‍ക്കാന്‍ മാത്രമേ പാകിസ്ഥാന് കഴിഞ്ഞുള്ളൂ. ഇന്ന് ഇന്ത്യ 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ പാകിസ്ഥാന്റെ വളര്‍ച്ച 1947ലെ ഇന്ത്യയുടെ ജിഡിപിയേക്കാള്‍ താഴ്ന്ന നിലയിലാണ്. വെറും 3.3 ശതമാനം മാത്രം.

ഡോളറുമായുള്ള ഇന്ത്യയുടേയും പാകിസ്ഥാന്റേയും കറന്‍സികള്‍ തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ പാകിസ്ഥാന്‍ എത്രമാത്രം തകര്‍ന്നു എന്ന് മനസിലാക്കാം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 71 ആണെങ്കില്‍ പാകിസ്ഥാന്റേത് 160 എന്ന പരിതാപകരമായ അവസ്ഥയിലാണ്.

വനസമ്പത്തിന്റെ സംരക്ഷണത്തിലും ഇന്ത്യ പാകിസ്ഥാനേക്കാള്‍ ഏറെ മുന്നിലാണ്. 1960ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വനസമ്പത്ത് 1947ലേതുമായി താരതമ്യപ്പെടുത്തിയാല്‍ 24 ശതമായി ഉയരുകയാണുണ്ടായത്. അന്ന് പാകിസ്ഥാന്റെ 3.2 ശഥതമാനം വനമായിരുന്നെങ്കില്‍ 1960ല്‍ ഇത് 1.8 ശതമാനമായി താഴുകയാണുണ്ടായത്.

ജമ്മുകശ്മീര്‍ വിഷയത്തില്‍ മൂന്ന് തവണ ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെട്ട് പരാജയപ്പെട്ടതും പാകിസ്ഥാന് തിരിച്ചടിയായി. ഇതിനായി ആഭ്യന്തര ഉത്പാദനത്തിന്റെ ഭൂരിഭാഗവും അവര്‍ ചെലവഴിച്ചു. ഇതിന്റെ ഭാഗമായിത്തന്നെ പാകിസ്ഥാനില്‍ കടുത്ത ദാരിദ്ര്യവും പട്ടിണിയുമുണ്ടായി. ഇതില്‍ നിന്ന് രക്ഷ നേടാനായി അവര്‍ക്ക് സബ്‌സിഡികള്‍ വെട്ടിക്കുറക്കേണ്ടി വന്നു. പ്രതിരോധ ചെലവുകള്‍ക്കായി വന്‍തുക നീക്കിവെക്കുന്നതും അവര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്ന തിരിച്ചറിവ് ഇനിയും പാകിസ്ഥാനുണ്ടായിട്ടില്ല. ഇന്ത്യ ജിഡിപിയുടെ 8 ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കുമ്പോള്‍ പാകിസ്ഥാന്‍ മാറ്റിവെക്കുന്നത് 17 ശതമാനമാണ്.

വര്‍ദ്ധിച്ചു വരുന്ന ഭീകരവാദം ആഗോളതലത്തില്‍ പാകിസ്ഥാന് ചീത്തപ്പേരല്ലാതെ മറ്റൊന്നും നേടിക്കൊടുത്തില്ല. ഇതിന്റെ പ്രത്യാഘാതമായി പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കാവുന്നതുവരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

അടിസ്ഥാന സൗകര്യ വികസനവും ഐഐടി,ഐഐഎം പോലെയുള്ള ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയുടെ പ്രതിച്ഛായക്ക് കൂടുതല്‍ നിറം പകര്‍ന്നു. അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളും വ്യവസായ സ്ഥാപനങ്ങളുമൊക്കെ ഇന്ത്യയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘടകങ്ങളായി മാറി. ലോകത്തിന്റെ എല്ലായിടങ്ങൡും ഭാരതീയരുടെ വ്യക്തിമുദ്ര പതിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ നിസഹായരായി.

എല്ലാത്തിനുമൊടുവില്‍ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2ലൂടെ ബഹിരാകാശ രംഗത്തും ഇന്ത്യ ഇന്ന് വികസിത രാജ്യങ്ങളോട് കിടപിടിക്കുകയാണ്. ചില രാജ്യങ്ങളുടെ പതാകയിലാണ് ചന്ദ്രനുള്ളതെങ്കില്‍ മറ്റു ചില രാജ്യങ്ങളുടെ പതാകയാണ് ചന്ദ്രനിലുള്ളതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് പാകിസ്ഥാനെ ട്രോളിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇതുതന്നെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രധാന വ്യത്യാസവും.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.