സിപിഐ എം പള്ളുരുത്തി ഏരിയാ കമ്മിറ്റിയംഗം സി എസ് പീതാംബരന്‍ അന്തരിച്ചു | Kerala | Deshabhimani
പള്ളുരുത്തി > സിപിഐ എം പള്ളുരുത്തി ഏരിയ കമ്മിറ്റി അംഗവും പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ടുമായ ചാമക്കാട് വീട്ടിൽ സി എസ് പീതാംബരൻ (64) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി എസ് പീതാംബരന്റെ ആഗ്രഹ പ്രകാരം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന്‌ കൈമാറും.

പള്ളുരുത്തി ഏരിയയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിൽ ഏറെ പങ്കു വഹിച്ച പീതാംബരൻ, 1979 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുന്നത്‌. പതിനഞ്ച് വർഷം സിപിഐ എം പനങ്ങാട് ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പാർട്ടിയെ നയിച്ചു. 1983 മുതൽ പള്ളുരുത്തി ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു. കെഎസ്‌വൈഎഫ് വില്ലേജ് സെക്രട്ടറി, ഡിവൈഎഫ്ഐ രൂപീകരണ കാലഘട്ടത്തിൽ ആദ്യ ബ്ലോക്ക് സെക്രട്ടറി, ഐആർഇ ജീവനക്കാരനായിരിക്കെ യൂണിയൻ ജനറൽ സെക്രട്ടറി, ഹെഡ് ലോഡ് ആന്റ്‌ വർക്കേഴ്സ് യൂണിയൻ പള്ളുരുത്തി മേഖല സെക്രട്ടറി, സിഐടിയു പള്ളുരുത്തി മേഖല സെക്രട്ടറി ജില്ലാ കമ്മിറ്റി അംഗം, പെൻഷനേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, കാർഷിക സർവകലാശാല ഫാം വർക്കേഴ്സ് യൂണിയൻ പനങ്ങാട് യൂണിറ്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം പൂർണ സമയ രാഷ്‌ട്രീയ പ്രവർത്തകനായി. 2014ൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച്‌ വിജയിച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ പദവിയിലിരുന്ന നാലുവർഷം മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ്‌ പുരസ്‌കാരം രണ്ട്‌ തുടർച്ചയായി നേടിക്കൊടുത്തു.

മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മുതൽ 9.30 വരെ പനങ്ങാട് ലോക്കൽ കമ്മിറ്റി ഓഫീസിലും 2 വരെ പനങ്ങാട്‌  ഉദയത്തുംവാതിലിലെ വസതിയിൽ പൊതുദർശനത്തിനു വയ്‌ക്കും. കണ്ണുകൾ ദാനം നൽകി. ഭാര്യ: വിജയമ്മ. മക്കൾ : സരിത, അരുൺ കുമാർ. മരുമക്കൾ : ഡി ആർ രാജേഷ് (ദേശാഭിമാനി, കൊച്ചി), ശാരി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, എംഎൽഎമാരായ ജോൺ ഫെർണാണ്ടസ്‌, എം സ്വരാജ്‌, ഏരിയാ  സെക്രട്ടറിമാരായ പി എ പീറ്റർ, പി വാസുദേവൻ, കെ എം റിയാദ്‌, മഹിള അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ടി വി അനിത, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എം സുന്ദരൻ, ടി കെ വത്സൻ എന്നിവർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.