സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണം കോർപറേറ്റ്‌ പ്രീണനം: പ്രകാശ്‌ കാരാട്ട്‌ | Kerala | Deshabhimani




കൊച്ചി >  വിദേശ മുതലാളിത്തത്തിനും അംബാനിയും അദാനിയും പോലുള്ള വൻകിട കുത്തകകൾക്കും ആനുകൂലമായ കേന്ദ്രസർക്കാർ നയങ്ങളാണ്‌ സാമ്പത്തിക മാന്ദ്യത്തിനും രാജ്യത്തിന്റെ പിന്നോട്ടടിക്കും കാരണമായതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. തീവ്രഹിന്ദുത്വ പരിപാടികളിലൂടെ വർഗീയ ചേരിതിരിവുണ്ടാക്കിയാണ്‌ ജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ ഇഎംഎസ്‌ പഠന ഗവേഷണ കേന്ദ്രവും സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയും ചേർന്ന്‌ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രകാശ്‌ കാരാട്ട്‌.

സാമ്പത്തിക മാന്ദ്യം മറികടക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ കോർപറേറ്റ്‌ നികുതി എട്ട്‌ ശതമാനം കുറച്ചു. രാജ്യത്തിന്‌1.45 ലക്ഷം കോടിരൂപ നഷ്‌ടമുണ്ടായതല്ലാതെ നേട്ടമുണ്ടായില്ല. റെയിൽവെയും വിമാനത്താവളങ്ങളും എണ്ണക്കമ്പനിയായ ബിപിസിഎലും സ്വകാര്യവൽക്കരിക്കുകയാണ്‌. വരുമാനം കുറയുന്നതുമൂലയമുണ്ടായ ധനക്കമ്മി കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ കണ്ടെത്തിയ മാർഗമാണിത്‌. ജനങ്ങളുടെ വരുമാനവും വാങ്ങൽശേഷിയും വർധിപ്പിക്കാൻ നപടികളുണ്ടാകുന്നില്ല.

ആർഎസ്‌എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ്‌ കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കാശ്‌മീരിനെ രണ്ടാക്കിയത്‌ മുസ്ലിംഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. ദേശീയ പൗരത്വ രജിസ്‌റ്റർ മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കി രാജ്യത്തിന്‌ പുറത്താക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അസമിൽ നടപ്പാക്കിയ പദ്ധതി അടുത്തവർഷം നടക്കുന്ന വിവരശേഖരണത്തിലൂടെ രാജ്യവ്യാപകമാകും. മടങ്ങിയെത്തുന്ന മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക്‌ പൗരത്വമനുവദിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ്‌ സമ്മേളനത്തിൽ അവതരിപ്പിക്കും. ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്ന നിർദ്ദേശങ്ങളാണ്‌ ബില്ലിലുള്ളത്‌. മുസ്ലിം വിരോധത്തിന്റെ പേരിലാണ്‌ ദേശീയ സ്വാതന്ത്രസമരത്തിൽനിന്ന്‌ ആർഎസ്‌എസുകാർ വിട്ടുനിന്നതും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ സേവകരായി മാറിയതുമെന്ന്‌ ചരിത്രം പരിശോധിച്ചാലറിയാം.

ജനദ്രോഹപരവും ദേശവിരുദ്ധവുമായ സാമ്പത്തിക നയങ്ങൾക്കും ഹിന്ദുത്വ അജണ്ടക്കുമെതിരായ പോരാട്ടത്തിൽ നേതൃത്വപരമായ പങ്കാണ്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിക്കുള്ളത്‌. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങളാണ്‌ പലഭാഗത്തും നടക്കുന്നതെന്നും അത്‌ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകലാണ്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയൂടെ കടമയെന്നും കാരാട്ട്‌ പറഞ്ഞു.

‘ഒക്‌ടോബർ വിപ്ലവും ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ചരിത്രവും’ എന്ന വിഷയത്തിൽ ഗംഗോത്രി ഹാളിലായിരുന്നു പ്രഭാഷണം. സിപിഐ എം സംസ്ഥാനസെക്രട്ടറിയേറ്റംഗം പി രാജീവ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പങ്കെടുത്തു. സി എം ദിനേശ്‌മണി സ്വാഗതവും പി എൻ സീനുലാൽ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ




Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.