സാക്കിര്‍ നായിക്കിനെതിരെ നടപടിയുമായി മലേഷ്യ; വിവാദ പ്രസ്താവനകളില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു
ക്വാലാലംപൂര്‍: മതമൗലികവാദത്തിന്റെ പേരില്‍ കുപ്രസിദ്ധനായ സക്കീര്‍നായിക്കിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. നേരത്തെ, വംശീയമായി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മലേഷ്യന്‍ അധികൃതര്‍ സാക്കിര്‍ നായിക്കിനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു.

മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാള്‍ 100 മടങ്ങ് കൂടുതല്‍ അവകാശങ്ങളുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച നായിക്കിനെ പുറത്താക്കണമെന്ന് നിരവധി മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നേരത്തെ നായിക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി മലേഷ്യന്‍ മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി കുലസേഖരനന്‍ രംഗത്തെത്തിയിരിന്നു. സാക്കിര്‍ നായിക് മലേഷ്യന്‍ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിക്കുകയും മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഡോ. മഹാതീര്‍ മുഹമ്മദിനോടല്ല മറിച്ച് നരേന്ദ്ര മോദിയോടാണ് വിധേയത്വമെന്ന് പ്രസംഗിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷയം വിവാദമായത്.

നായിക്കിനെ മലേഷ്യയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമുള്ളവരാണ് മന്ത്രിമാരില്‍ ഏറെയും. ഇവരില്‍ സയ്യിദ് സദ്ദിഖ് അബ്ദുള്‍ റഹ്മാന്‍, ഗോബിന്ദ് സിംഗ്, എം കുലശേഖരന്‍, സേവ്യര്‍ ജയകുമാര്‍, മുഹ്യുദ്ദീന്‍ യാസിന്‍ (ആഭ്യന്തരമന്ത്രി) എന്നിവര്‍ പ്രത്യക്ഷമായി രംഗത്തു വന്നിരുന്നു. വംശീയാധിഷ്ഠിതമായ പ്രസ്താവനകള്‍ നടത്തിയതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും സാക്കിര്‍ നായിക്കിനെയും മറ്റ് നിരവധി വ്യക്തികളെയും ഗ്രൂപ്പുകളെയും പോലീസ് ചോദ്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി മുഹ്യിദ്ദീന്‍ യാസിന്‍ പറഞ്ഞു.

കടുത്ത മതതീവ്രവാദിയായ സാക്കിര്‍ നായിക് ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, മതവിദ്വേഷം പ്രചരിപ്പിക്കല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ്. നിലവില്‍ ഇയാള്‍ മലേഷ്യയില്‍ അഭയംപ്രാപിച്ചിരിക്കുകയാണ്. 2016ല്‍ സാക്കിറിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരോധിക്കപ്പെടുകയും ചെയ്തിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.