സമാധാനവും മതസൗഹാര്‍ദ്ദവും കാത്തു സൂക്ഷിക്കുക; അയോധ്യ വിധിയില്‍ അനാവശ്യ പ്രസ്താവനകള്‍ പാടില്ലെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം


ന്യൂഡല്‍ഹി: അയോധ്യ കേസില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. രാജ്യത്ത് മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുകയെന്നത് ഓരോ പൗരന്റേയും കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അയോധ്യ കേസിലെ സുപ്രധാന വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മോദിയുടെ ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

വിജയത്തിന്റേയും പരാജയത്തിന്റേയും കണ്ണിലൂടെ അയോധ്യ വിധിയെ നോക്കി കാണരുതെന്നും മോദി ഓര്‍പ്പിച്ചിച്ചു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുമ്പായി കേസിലെ വിധിയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

2010-ല്‍ അലഹാബാദ് കോടതി പുറപ്പെടുവിച്ച അയോധ്യ വിധി ജനങ്ങള്‍ സ്വീകരിച്ചതിനെ കുറിച്ച് പ്രധാനമന്ത്രി പ്രതിമാസ പരിപാടിയായ മന്‍ കീ ബാത്തില്‍ സൂചിപ്പിച്ചിരുന്നു. വിധി വന്ന ദിവസം സര്‍ക്കാരും, രാഷ്ട്രീയ പ്രവര്‍ത്തകരും പൊതു സമൂഹവും സ്വീകരിച്ച നടപടി രാജ്യത്തിന് തന്നെ മാതൃകയാണ്. ഇതിലൂടെ രാജ്യത്ത് ശാന്തിയും സമാധാനവും ഐക്യവുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേരത്തെ, വിധി വരുന്ന പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബിജെപിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി വിധി വരുന്ന സമയത്ത് അവരവരുടെ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് നില്‍ക്കണമെന്നും നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം വിവിധ മുസ്ലീം സംഘടനകളും അവരവരുടെ പ്രവര്‍ത്തകരോടും നേതാക്കളോടും സംയമനവും സമാധാനവും പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.