സഞ്ചരിക്കുന്ന കാറിനു മുകളില്‍ ഇരിക്കാന്‍ കാട്ടാനയുടെ ശ്രമം; ശ്വാസം നിലക്കുന്ന നിമിഷങ്ങള്‍ക്ക് അവസാനം സംഭവിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളില്‍ ഇരിക്കാന്‍ കാട്ടാനയുടെ ശ്രമം. കാറിലെ സഞ്ചാരികളില്‍ ഒരാളായ ഫാസാകോര്‍ണ്‍ നിള്‍ത്തറാച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. തായ്‌ലാന്‍ഡിലെ ഖാവോ യായ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്.

35 വയസ് പ്രായമുള്ള ഡ്യൂയ എന്ന കൊമ്പന്റെ പ്രവര്‍ത്തിയെ പാര്‍ക്ക് അധികൃതര്‍ ന്യായീകരിക്കുകയാണുണ്ടായത്. ആന സഞ്ചാരികളെ അഭിവാദ്യം ചെയ്തതാണെന്നും അത് ആരെയും ഉപദ്രവിക്കില്ലെന്നും പാര്‍ക്കിന്റെ ഡയറക്ടര്‍ കഞ്ചിത് സരിന്‍പവാന്‍ പറഞ്ഞു.

ആന കാറിനരികില്‍ നില്‍ക്കുകയും ഒടുവില്‍ വാഹനത്തിന്റെ മുകളില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. കാറിനു മുന്നിലൂടെ എത്തിയ ആന ആദ്യം കാറിന്റെ വശങ്ങളില്‍ ചാരി നില്‍ക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് കാറിനു മുകളിലേക്ക് ഇരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കാര്‍ പൂര്‍ണ്ണമായും ആനയുടെ കാലുകള്‍ക്കിടയില്‍ ആയതും വീഡിയോയില്‍ വ്യക്തമാണ്.

അവസാനം ആനയുടെ കാലുകള്‍ക്കിടയില്‍ നിന്ന് കാര്‍ രക്ഷപ്പെടുന്നതും കാണാം. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പിന്‍ ഭാഗത്തുള്ള ചില്ല് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. കാറിന്റെ ബോഡിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനത്തിനുള്ളില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നാലെ, വന്യമൃഗങ്ങള്‍ക്ക് മുന്നില്‍ അകപ്പെട്ടാല്‍ വാഹനങ്ങള്‍ സാവധാനം പിന്നിലേക്ക് എടുക്കണം എന്ന് പാര്‍ക്ക് അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്താനായി വാഹനം നിര്‍ത്തരുതെന്നും അധികൃതര്‍ അറിയിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.