സംസ്ഥാനത്ത് മഴക്കെടുതിയില്‍ തകര്‍ന്ന വൈദ്യുതി പോസ്റ്റുകളുടെ പുനസ്ഥാപനം അന്തിമഘട്ടത്തില്‍; 143865 വൈദ്യുത കണക്ഷനുകള്‍ പുന:സ്ഥാപിച്ചു


തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ താറുമാറായ വൈദ്യുതി കണക്ഷനുകളുടെ പുനസ്ഥാപനം അന്തിമഘട്ടത്തില്‍. കെ.എസ്.ഇ.ബി ജീവനക്കാരുടെ തീവ്രപരിശ്രമത്താല്‍ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 1,43,865 കണക്ഷനുകള്‍ പുനസ്ഥാപിക്കാന്‍ സാധിച്ചു. 3100 വീടുകളിലേക്കുളള വൈദ്യുതി ബന്ധം മാത്രമാണ് ഇനി പുനസ്ഥാപിക്കാനുള്ളത്. ഈ വീടുകളില്‍ പൂര്‍ണ്ണമായും വെള്ളം കയറിയതിനാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് മുമ്പ് സുരക്ഷാനടപടിയുടെ ഭാഗമായി വയറിംഗ് പരിശോധന നടക്കേണ്ടതുണ്ട്. കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ വിംഗ്, വയറിംഗ് കോണ്‍ട്രാക്ടര്‍മാര്‍, പോളിടെക്നിക്കുകള്‍, എഞ്ചിനിയറിംഗ് കോളേജുകള്‍, ഐ.ടി.ഐ, ഐ.ടി.സി എന്നിവിടങ്ങളിലെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും അടങ്ങിയ ജില്ലയിലെ നൈപുണ്യകര്‍മ്മ സേന പരിശോധന നടത്തി വരികയാണ്. പരിശോധന പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവിടങ്ങളിലും കണക്ഷന്‍ നല്‍കും.

ഉരുള്‍പൊട്ടിയ മേപ്പാടി പ്രദേശത്തെ വൈദ്യുതി ബന്ധവും കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചു. കരാര്‍ തൊഴിലാളികളടക്കം നൂറോളം ജീവനക്കാരുടെ രാപ്പകല്‍ പരിശ്രമത്താലാണ് ഇവിടങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ സാധിച്ചത്. അയല്‍ ജില്ലകളില്‍ നിന്നടക്കം വലിയ ഇരുമ്പ് പോസ്റ്റുകള്‍ എത്തിച്ചാണ് കെ.എസ്.ഇ.ബി വെളിച്ചമൊരുക്കിയത്. പുത്തുമല, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളില്‍ ആറ് കിലോമീറ്ററോളം വൈദ്യുതി ലൈനുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ജില്ലയിലെ എല്ലാ ക്യാമ്പുകളിലും തടസ്സമില്ലാതെ വൈദ്യുതി നല്‍കുന്നതിന് കെ.എസ്.ഇ.ബി നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ക്യാമ്പിലുള്ളവര്‍ക്ക് വീടുകളിലേക്ക് തിരിച്ച് പോവുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.

ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 744 ട്രാന്‍സ്ഫോര്‍മറുകളിലെ 146965 ഗുണഭോക്താക്കള്‍ക്കുള്ള വൈദ്യുതി ബന്ധമാണ് പൂര്‍ണ്ണമായി തടസ്സപ്പെട്ടിരുന്നത്. 140 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 539 ലോ ടെന്‍ഷന്‍ പോസ്റ്റുകളുമാണ് തകര്‍ന്നത്. നൂറോളം സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളും ആയിരത്തി ഇരുന്നൂറോളം സ്ഥലത്ത് ലോ ടെന്‍ഷന്‍ ലൈനുകളും പൊട്ടിവീണിരുന്നു. 14 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ പൂര്‍ണ്ണമായും നശിച്ചു. മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ, കാട്ടിക്കുളം, തവിഞ്ഞാല്‍ കെ.എസ്.ഇ.ബി ഓഫീസുകളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. വാട്ടര്‍ അതോറിട്ടിയുടെ 25 പമ്പ് ഹൗസുകളിലും വൈദ്യുതി വിതരണം താറുമാറായി. കല്‍പ്പറ്റ 33 കെ.വി മണിയങ്കോട് സബ് സ്റ്റേഷന്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി പോയതിനാല്‍ രണ്ട് ദിവസം ഓഫ് ചെയ്യേണ്ടി വന്നു. ഏകദേശം 3.25 കോടി രൂപയുടെ നാശനഷ്ടമാണ് കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.