വെള്ളപ്പൊക്കത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായി; വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം


കൃഷ്ണാനദി കരകവിഞ്ഞൊഴുകിയപ്പോള്‍ റോഡേത് പുഴയേത് എന്ന് മനസിലാവാതെ നട്ടം തിരിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴി കാട്ടിയായാ കുഞ്ഞു ബാലന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം.

കര്‍ണ്ണാടക സര്‍ക്കാരാണ് ആറാം ക്ലാസുകാരനായ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നല്‍കിയത്. സ്വാതന്ത്ര്യദിനത്തില്‍ റെയ്ച്ചൂരില്‍ നടന്ന ചടങ്ങില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ശരത് ബി വെങ്കിടേഷിന് പുരസ്‌ക്കാരം സമ്മാനിച്ചത്.

നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍, കഴിഞ്ഞാഴ്ച കര്‍ണ്ണാടകയിലെ കൃഷ്ണ നദി കരകവിഞ്ഞിരുന്നു. പ്രദേശം മുഴുവന്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദേവദുര്‍ഗയിലെ പാലവും വെള്ളത്തിനടിയിലായിരുന്നു. പാലത്തിലൂടെ കടന്നു പോകാന്‍ കഴിയാതെ വിഷമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് സ്വന്തം ജീവന്‍ പണയം വെച്ചാണ് കുഞ്ഞ് ബാലന്‍ വഴികാട്ടിയായത്.

വഴിയറിയാതെ റോഡിനപ്പുറം നിന്നുപോയ വാഹനത്തെ സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടയിലാണ് വെങ്കിടേഷിന്റെ കണ്ണില്‍പെട്ടത്. അരയോളം വെള്ളത്തില്‍ ഓടിയും, കൈവീശിയും, പിറകോട്ട് തിരിഞ്ഞു നോക്കിയുമാണ് വെങ്കിടേഷ് ആംബുലന്‍സിനെ ഇപ്പുറത്ത് എത്തിച്ചത്. ആംബുലന്‍സ് നേരായ ദിശയിലാണോയെന്ന് ഇടയ്ക്കിടെ അവന്‍ ഉറപ്പു വരുത്തിയിരുന്നു.

അതിനിടയില്‍ പലപ്പോഴായി വെള്ളത്തില്‍ വീഴുന്നതും, പിന്നേയും എഴുന്നേറ്റ് മുന്നോട്ട് നീങ്ങുന്നതും വീഡിയോവില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് വെങ്കിടേഷിനെ അഭിനന്ദിച്ച് എത്തിയത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.