വീശിയടിച്ച്‌ ബുൾബുൾ: ബംഗാളിൽ 10 മരണം | National | Deshabhimani
കൊൽക്കത്ത> കനത്ത നാശം വിതച്ച്‌ ബുൾബുൾ ചുഴലിക്കാറ്റ്‌ ബംഗാളിൽ ആഞ്ഞടിച്ചു. 10 പേർ മരിച്ചു. 2.73ലക്ഷം കുടുംബങ്ങൾ കെടുതിക്കിരയായി. ഞായറാഴ്‌ച രാവിലെ മുതൽ മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ കനത്ത നാശം നേരിട്ടു. തെക്ക്‌–-വടക്ക്‌ 24 പർഗാന ജില്ലകളിലും കിഴക്കൻ മിഡ്‌നാപുർ ജില്ലയിലും ജനജീവിതം സ്‌തംഭിച്ചു. 2,473 വീട്‌ പൂർണമായും 26,000 വീട്‌ ഭാഗികമായും തകർന്നു. 1.78 ലക്ഷം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക്‌ മാറ്റി. ഒഡിഷയിൽ രണ്ടും പേർ മരിച്ചു.

താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ബംഗാൾ ഉൾക്കടലിന്റെ സമീപത്തെ തീര ജില്ലകളിലും മീൻപിടിത്ത മേഖലകളായ ബക്കലിയിലും നാമക്കാനയിലുമാണ്‌ വ്യാപക നാശം. നോർത്ത്‌ പർഗാനയിൽ  അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക്‌ പരിക്കേറ്റു. പുർബ മകാള, ഖോക്കന എന്നിവിടങ്ങളിൽ മരം കടപുഴകി വീണാണ്‌ രണ്ടുപേർ മരിച്ചത്‌.  നിരവധി മരങ്ങൾ കാറ്റിൽ കടപുഴകി.കിഴക്കൻ മിഡീനാപ്പുരിലും ഒരാൾ മരത്തിനടിയിൽപ്പെട്ട്‌ മരിച്ചു. സൗത്ത്‌ 24 പർഗാനയിൽ രണ്ടുപേർ മരിച്ചു. ഫ്രാസർഗഞ്ച്‌ മേഖലയിൽ ഒരു മീൻപിടിത്തക്കാരന്റെ മൃതദേഹം കണ്ടെത്തി. എട്ടുപേരെ കാണാതായി.

ബംഗ്ലാദേശിലും 10 മരണം

തെക്കുപടിഞ്ഞാറൻ ബംഗ്ലാദേശിൽ ഞായറാഴ്‌ച പുലരുംമുമ്പ്‌ വീശിയടിച്ച ചുഴലിക്കാറ്റ്‌ തീരദേശത്ത്‌ കനത്ത നാശമുണ്ടാക്കി. 10 പേർ മരിച്ചു. താഴ്‌ന്നപ്രദേശങ്ങളിൽനിന്ന്‌ 21 ലക്ഷം ആളുകളെ സുരക്ഷിതസ്ഥലങ്ങളിലേക്ക്‌ മാറ്റി. കനത്ത മഴയുമുണ്ടായി.ആറ്‌ തീരദേശ ജില്ലകളിൽ വീടുകൾ തകർന്നും  മരം വീണുമാണ്‌ ആളുകൾ മരിച്ചത്‌. നൂറുകണക്കിന്‌ വീടുകൾതകർന്നു.

വൻതോതിൽ കൃഷിനാശമുണ്ടായി.  വീടുകളിൽ നിന്ന്‌ ഒഴിപ്പിച്ചവർക്കായി  5000 ക്യാമ്പ്‌ തുറന്നു. തുടക്കത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലടിച്ച കാറ്റ്‌ പിന്നീട്‌ ദുർബലമായതായും ഖുൽനാ തീരദേശവും ഇന്ത്യയിൽ പശ്ചിമ ബംഗാളും കടന്നതായും ഞായറാഴ്‌ച പകൽ ബംഗ്ലാദേശ്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.