വീട്ട് ചെലവ് നടത്താന്‍ വാര്‍ക്കപ്പണിക്ക് പോയി; ശമ്പളം നല്‍കാതെ കൃത്യസമയത്ത് ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച മേലധികാരിയ്ക്ക് ചുട്ട മറുപടിയുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍


തിരുവനന്തപുരം: ശമ്പളം കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തിയിട്ടും പ്രശ്‌ന പരിഹാരം കാണാത്തതിന്റെ വിഷമത്തിലാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍. ഒരു ദിവസം മുഴുവന്‍ പണിമുടക്ക് നടത്തിയിട്ടും അധികൃതര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല.

ശമ്പളം എപ്പോള്‍ ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ കൃത്യസമയത്ത് ജോലിക്കെത്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മേലധികാരി ഒരു നോട്ടീസ് നല്‍കിയാല്‍ എത്ര ക്ഷമാ ശീലമുള്ള ജീവനക്കാരനും ഒന്നു പ്രതികരിച്ചു പോകും. മേലധികാരിയുടെ മുന്നറിയിപ്പിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കിയിരിക്കുകയാണ് ജീവനക്കാര്‍.

തിരുവനന്തപുരം ജില്ലയിലെ ഒരു ഡിപ്പോയിലാണ് സംഭവം. കാര്യക്ഷമമായ സര്‍വ്വീസ് നടത്തിപ്പിന് തടസം നില്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നായിരുന്നു ഡിഇഒയുടെ മുന്നറിയിപ്പ്. എന്നാല്‍ മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള നോട്ടീസിന് താഴെയായിരുന്നു ജീവനക്കാരുടെ പ്രതികരണം. ‘ഞങ്ങള്‍ വാര്‍ക്കപ്പണിക്ക് പോയതാണ് സാര്‍. വീട്ടു ചെലവ് നടത്താനായി..’ ഇതായിരുന്നു ജീവനക്കാരുടെ പ്രതികരണം. കാര്യക്ഷമമായി സര്‍വ്വീസ് നടത്തിപ്പിനായി എന്നുള്ള വാക്ക് തിരുത്തി കാര്യപിടിപ്പില്ലാത്ത എന്നും ജീവനക്കാര്‍ ചേര്‍ത്തിട്ടുണ്ട്.

ആരാണ് ഇത് എഴുതിയതെന്ന് വ്യക്തമല്ല. കെഎസ്ആര്‍ടിസിയില്‍ വ്യാപക എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.