വീടിന് അടിത്തറ കുഴിച്ചപ്പോള്‍ യുവാവ് കണ്ടെത്തിയത് 25 ലക്ഷം വിലവരുന്ന നിധി ശേഖരം; പുരാവസ്തു എന്ന് പോലീസ്;നിധി സ്വന്തമാക്കാനാകാതെ യുവാവ്


ഹര്‍ഡോയി: വീടിനായി അടിത്തറ കുഴിച്ച ഉത്തര്‍പ്രദേശ് സ്വദേശിക്ക് ലഭിച്ചത് 25 ലക്ഷം വില വരുന്ന നിധി ശേഖരം. 650 ഗ്രാം സ്വര്‍ണവും 4.53 കിലോഗ്രാം വെള്ളി ആഭരണങ്ങളുമാണ് കണ്ടെടുത്തത്.ഇവയ്ക്ക് ഏകദേശം100 വര്‍ഷം പഴക്കമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പുരാവസ്തു പ്രാധാന്യമുള്ളതായതിനാല്‍ ഇവ കൈവശം വെക്കാന്‍ പാടില്ല. അതിനാല്‍ ആഭരണങ്ങള്‍ പോലീസ് പിടിച്ചെടുത്തതായി ഹാര്‍ഡോയി പോലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു.

ആഭരണങ്ങള്‍ സംബന്ധിച്ച രേഖകളൊന്നും തന്നെ യുവാവിന്റെ പക്കല്‍ ഇല്ലായിരുന്നു. അതിനാലാണ് അവ പോലീസ് പിടിച്ചെടുത്തത്. ഗ്രാമീണര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിധി ശേഖരത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. നിധി ലഭിച്ച വിവരം യുവാവ് ആദ്യം നിരസിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

1878ലെ ഇന്ത്യന്‍ ട്രഷര്‍ ട്രോവ് ആക്ട് പ്രകാരം ഭൂമിയില്‍ നിന്നും കുഴിച്ചെടുക്കുന്ന വിലപ്പിടിപ്പുള്ള വസ്തുക്കളെയോ ആഭരണങ്ങളെയോ നിയമപരമായി ‘നിധി’ എന്നാണ് വിളിക്കുന്നത്. നിയമത്തിലെ നാലാം വകുപ്പ് പ്രകാരം നിധി ലഭിക്കുന്നവര്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യേഗസ്ഥരെയാണ് വിവരം അറിയിക്കേണ്ടത്. ശേഷം വസ്തു അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്യണം. നിയമത്തിന്റെ പതിനൊന്നാം വകുപ്പ് പ്രകാരം നിധിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പരാതികളില്ലെങ്കില്‍ അത് സ്വന്തമാക്കിയെടുക്കാം.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.