വിആർഎസിന്‌ 33 വർഷം സർവീസ്‌ നിർബന്ധമാക്കും ; അപേക്ഷകർ അരലക്ഷമായി | Kerala | Deshabhimani
ബിഎസ്‌എൻഎല്ലിൽ സ്വയംവിരമിക്കലിനുള്ള അപേക്ഷകരുടെ എണ്ണം കൂടിയതോടെ, മാനേജുമെന്റ്‌ മാനദണ്ഡം വയ്‌ക്കുന്നു. വിആർഎസിന്‌ 33 വർഷ സർവീസ്‌ നിർബന്ധമാക്കാനാണ്‌ നീക്കം. കൂട്ടത്തോടെ അപേക്ഷകർ വന്നാൽ  കേന്ദ്രം അനുവദിച്ച രക്ഷാ പാക്കേജിലെ തുക തികയാതെവരുമെന്ന്‌ കണ്ടാണ്‌ മാനദണ്ഡം വയ്‌ക്കുന്നത്‌.

അപേക്ഷകർ അരലക്ഷമായി

സ്വയംവിരമിക്കൽ പദ്ധതിക്ക്‌ മൂന്ന്‌ ദിവസത്തിനകം അപേക്ഷിച്ച ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തിലേക്ക്‌. വെള്ളിയാഴ്‌ച 49643 ജീവനക്കാരാണ്‌  (47.5ശതമാനം) വിആർഎസിന്‌ അപേക്ഷിച്ചതെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. ആകെ 1,04472 ജീവനക്കാരാണ്‌  വിആർഎസിന്‌ അർഹരായത്‌. ഓരോ മണിക്കൂറിലും അപേക്ഷകരുടെ എണ്ണം വർധിക്കുകയാണ്‌. ബുധനാഴ്‌ചമുതലാണ്‌ ഓൺലൈനായി  അപേക്ഷിക്കാൻ ജീവനക്കാർക്ക്‌ അവസരം ലഭിച്ചത്‌.

എംടിഎൻഎല്ലിലെ 3000 ജീവനക്കാരും  വിആർഎസിന്‌ അപേക്ഷ നൽകിയിട്ടുണ്ട്‌. 15,000 ജീവനക്കാരാണ്‌ എംടിഎൻഎല്ലിൽ വിആർഎസ്‌ പരിധിയിൽപെടുന്നത്‌. ഡിസംബർ 3 വരെയാണ്‌  അപേക്ഷിക്കാനാകുക. ജനുവരി 31ന്‌ വിആർഎസ് പ്രാബല്യത്തിൽവരും. കഴിഞ്ഞ മൂന്ന്‌ മാസമായി ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചും ആനുകൂല്യങ്ങൾ തടഞ്ഞുവച്ചുമാണ്‌ ജീവനക്കാരെ നിർബന്ധിത വിആർഎസിന്‌ കേന്ദ്രം മാനസികമായി തയ്യാറെടുപ്പിച്ചത്‌.

പരിഭ്രാന്തി സൃഷ്ടിക്കുന്നു: യൂണിയൻ

തിരുവനന്തപുരം

ബിഎസ്‌എൻഎൽ ജീവനക്കാർ വിആർഎസിന്‌ കൂട്ടത്തോടെ അപേക്ഷിക്കുന്നുവെന്ന പ്രതീതി മാനേജ്‌മെന്റ്‌ സൃഷ്ടിക്കുകയാണെന്ന്‌ ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു. ജീവനക്കാരിൽ പരിഭ്രാന്തി സൃഷ്‌ടിച്ച്‌ കൂടുതൽ ആളുകളെ വിആർഎസിന് പ്രേരിപ്പിക്കുകയാണ്‌ മാനേജ്‌മെന്റ്‌. ഇതിനായി പലവിധത്തിലുള്ള പ്രചാരണങ്ങളാണ്‌  നടത്തുന്നത്‌.

ജീവനക്കാർ ഈ പ്രചാരണത്തിൽ വീഴരുത്‌. ബിഎസ്‌എൻഎല്ലിന്റെ പുനരുദ്ധാരണത്തിനായി കൂടുതൽ തുക അനുവദിക്കുകയാണ്‌ കേന്ദ്ര സർക്കാർ ചെയ്യണ്ടേതെന്നും യൂണിയൻ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.