വളർച്ച ഇനിയും താഴോട്ട്‌ ; മൂഡീസ്‌ ഇന്ത്യയുടെ റേറ്റിങ്‌ താഴ്‌ത്തി ; റിപ്പോർട്ടിനു പിന്നാലെ ഓഹരിവിപണി ഇടിഞ്ഞു | National | Deshabhimani
ന്യൂഡൽഹി

ഇന്ത്യയുടെ സാമ്പത്തിക വളർച്ച കൂടുതൽ താഴോട്ട്‌ പോകുമെന്ന്‌ രാജ്യാന്തര റേറ്റിങ്‌ ഏജൻസി മൂഡീസ്‌. ‘സ്ഥിരതയുള്ള വളർച്ച’ എന്നതിൽനിന്ന്‌ ‘താഴോട്ടുപോകുന്ന വളർച്ച’ എന്ന വിഭാഗത്തിലേക്ക്‌ ഇന്ത്യയെ മാറ്റി. മാന്ദ്യത്തിൽനിന്ന്‌ രാജ്യം ഉടനെ കരകയറില്ലെന്നും പരിഷ്‌കാരങ്ങൾവഴി സർക്കാരിന്‌ വളർച്ചയിലേക്ക്‌ രാജ്യത്തെ നയിക്കാനുള്ള സാധ്യത കുറവാണെന്നും മൂഡീസ്‌ വ്യക്തമാക്കി. നോട്ട്‌ നിരോധനത്തിന്റെ മൂന്നാംവാർഷികത്തിലാണ്‌ മൂഡീസ്‌ റിപ്പോർട്ട്‌ പുറത്തുവന്നത്‌. ഇക്കൊല്ലം ഏഴ്‌ ശതമാനം വളർച്ചയാണ്‌ സർക്കാർ ലക്ഷ്യമിട്ടത്‌. എന്നാൽ, അഞ്ച്‌ ശതമാനമായി വളർച്ച ഇടിയുമെന്നാണ്‌  ഏജൻസികളുടെ മുന്നറിയിപ്പ്‌.

ഗ്രാമീണമേഖലയിലെ സാമ്പത്തികമാന്ദ്യം, തൊഴിൽവളർച്ചയില്ലായ്‌മ, ബാങ്കിങ്‌ ഇതര ധനസ്ഥാപനങ്ങളുടെ വായ്‌പവിതരണശേഷിയിലെ ഇടിവ്‌, സർക്കാരിന്റെ കടബാധ്യത പെരുകൽ എന്നിവയാണ്‌ വളർച്ചയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെന്ന്‌ റിപ്പോർട്ടിൽ പറഞ്ഞു. ഉയർന്ന വളർച്ചനിരക്ക്‌  കൈവരിക്കാൻ കഴിയാത്തപക്ഷം ബജറ്റ്‌കമ്മി കുറയ്‌ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ പാളും.
ധനക്കമ്മി 3.7 ശതമാനമാകും. 3.3 ആണ്‌  പ്രതീക്ഷിച്ചിരുന്നത്‌.  ഈ സാഹചര്യത്തിലാണ്‌  താഴോട്ടുപോകുന്ന വളർച്ച  വിഭാഗത്തിലേക്ക്‌ ഇന്ത്യയെ മാറ്റിയത്‌. രാജ്യം അതിഗുരുതരമായ സാമ്പത്തികത്തകർച്ച നേരിടുകയാണെന്ന്‌ വ്യക്തമാക്കി നടപ്പുസാമ്പത്തികവർഷം ഏപ്രിൽ–-സെപ്‌തംബർ കാലയളവിലെ വളർച്ച 1.3 ശതമാനത്തിൽ ഒതുങ്ങി.

സമ്പദ്‌ഘടനയുടെ അടിസ്ഥാനം ശക്തമാണെന്ന്‌ ധനമന്ത്രാലയം മൂഡീസ്‌ റിപ്പോർട്ടിനോട്‌ പ്രതികരിച്ചു. മൂഡീസ്‌ വിലയിരുത്തൽ വന്നതിനെ തുടർന്ന്‌ മുംബൈ ഓഹരിവിപണി സൂചിക   330 പോയിന്റും ദേശീയസൂചിക  104 പോയിന്റും ഇടിഞ്ഞു.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.