ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനിയുടെ ഓഹരി വില്‍പ്പന ഈ ദിവസം, ഓരോ പ്രഖ്യാപനവും നിരീക്ഷിച്ച് നിക്ഷേപകര്‍


റിയാദ്: സൗദി അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നവംബര്‍ 17 ന് ആരംഭിക്കും. നവംബര്‍ 17 മുതല്‍ ഐപിഒയ്ക്ക് വേണ്ടിയുളള ബിഡുകള്‍ സമര്‍പ്പിക്കാം. എന്നാല്‍, അരാംകോ വില്‍ക്കാന്‍ പോകുന്ന ഓഹരികളുടെ വലുപ്പത്തെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ വിശദമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 

റിയാദ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യക്തമാക്കാത്ത എണ്ണം ഓഹരികൾ വിൽക്കുമെന്ന് സൗദി അറേബ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ബിഡിങ് നടപടികള്‍ അവസാനിക്കുന്ന ഡിസംബര്‍ അഞ്ചിന് ഓഹരി വില സംബന്ധിച്ച് അന്തിമ വിവരങ്ങള്‍ ലഭിക്കും. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്കാകും റിയാദ് സ്റ്റോക്ക് എക്സ്ചേഞ്ച് സാക്ഷ്യം വഹിക്കുകയെന്നാണ് സൂചന. 

ലോകത്തെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൗദി അറേബ്യയുടെ അരാംകോ. രാജ്യത്തിന്റെ എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ മറികടക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭിലാഷങ്ങൾക്ക് അടിവരയിടുന്ന പരിഷ്കരണ നീക്കമാകും ഇത്.

വർഷങ്ങളുടെ കാലതാമസത്തിനുശേഷം, ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന സൗദി അരാംകോയെന്ന ഊര്‍ജ്ജ ഭീമന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. ലോകത്തെ എണ്ണയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് സൗദി അരാംകോയാണ്. 

അരാംകോയുടെ മൂല്യം 1.7 ട്രില്യൺ ഡോളർ വരെയാകാമെന്ന് വിപണി വിദഗ്ധർ പറയുമ്പോൾ, പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ലോകത്തിലെ ഏറ്റവും വലിയ കമ്പനിയുടേതായാലും കമ്പനി എത്രമാത്രം വിൽക്കാൻ തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മൂല്യത്തിലെ മുന്നേറ്റമെന്നും വിദഗ്ധര്‍ പറയുന്നു. 

കമ്പനിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും സാമ്പത്തിക വൈവിധ്യവത്കരണത്തിനും വളർച്ചയ്ക്കും വേണ്ടിയുള്ള രാജ്യത്തിന്റെ ലക്ഷ്യമായ സൗദി വിഷൻ 2030 എത്തിക്കുന്നതിലെ സുപ്രധാന പുരോഗതിയാണിതെന്നും അരാംകോ ചെയർമാൻ യാസിർ അൽ റുമയ്യൻ പറഞ്ഞു. 

Last Updated 10, Nov 2019, 10:33 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.