ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളില്‍ ഒന്നാംസ്ഥാനം കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന് l KAIRALINEWSONLINE.COM |


ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്വന്തമാക്കി. ഖത്തറിലെ ദോഹയില്‍ നടന്ന ആഗോള ഇന്‍കുബേറ്റര്‍ ഉച്ചകോടിയിലാണ് കേരളാ സ്റ്റാര്‍ട്ടപ് മിഷന് പുരസ്‌കാരം ലഭിച്ചത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുബിഐ ഗ്ലോബല്‍ എന്ന കമ്പനിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പുരസ്‌കാരം സമ്മാനിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ് മിഷന്‍ സ്വന്തമാക്കിയെന്ന വാര്‍ത്ത ഏറെ അഭിമാനം നല്‍കുന്നതായി മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. 81 രാജ്യങ്ങളില്‍ നിന്നുള്ള 364 ആക്സിലറേഷന്‍ പ്രോഗ്രാമുകളെ പിന്തള്ളിയാണ് ഈ നേട്ടം. സ്റ്റാര്‍ട്ടപ് ആശയങ്ങളെ സംരംഭങ്ങളാക്കുന്നതിന് വിവിധ ഘട്ടങ്ങളിലായി നല്‍കുന്ന പ്രോത്സാഹനങ്ങളും സാങ്കേതിക സഹായങ്ങളുമാണ് പരിഗണിക്കപ്പെട്ടത്.

അടിസ്ഥാനസൗകര്യം, മാനവ മൂലധന വികസനം, ഫണ്ടിങ്, ഗവേണന്‍സ്, പൊതുസ്വകാര്യ പങ്കാളിത്തം, ആഗോള സഹകരണം, പരിധി ഉയര്‍ത്തല്‍, ആശയങ്ങളെ സ്വകാര്യമേഖലയില്‍നിന്ന് ഫണ്ട് ലഭിക്കത്തക്ക രീതിയിലുള്ള പുതിയ സ്റ്റാര്‍ട്ടപ്പുകളായി വികസിപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സ്‌കൂള്‍തലം മുതല്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്കും മിഷന്‍ നേതൃത്വം നല്‍കുന്നുണ്ട്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് എല്ലാ പ്രോത്സാഹനവും ഉണ്ടാകും. സ്റ്റാര്‍ട്ടപ് രംഗത്ത് ലോകത്തിനു തന്നെ മാതൃകയായി കേരളം ഏറെ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.