‘ലോകം ഇവൊയ്‌ക്കൊപ്പം’; ബൊളീവിയയിലെ അട്ടിമറി ശ്രമങ്ങൾക്കെതിരെ നോം ചോംസ്‌കിയും വിജയ്‌ പ്രഷാദും | World | Deshabhimaniലാപാസ്‌ >  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബൊളീവിയയിലെ ഇവൊ മൊറാലിസ്‌ സർക്കാരിനെ അട്ടിമറിക്കാനുള്ള വലതുപക്ഷ പ്രതിപക്ഷ ശ്രമങ്ങൾക്കെതിരെ തത്വ ചിന്തകനായ നോം ചോംസ്‌കിയും വിജയ്‌ പ്രഷാദും. അട്ടിമറി ശ്രമത്തിനെതിരെ “ലോകം ഇവൊയ്‌ക്കൊപ്പ’മെന്ന (#എൽമുൻഡോ കോൺഇവൊ) ലോകജനതയുടെ പ്രഖ്യാപനത്തോടൊപ്പം ശബ്‌ദമുയർത്തുകയാണ്‌ ഇരുവരും. അട്ടിമറി ശ്രമത്തെ ശക്തമായി അപലപിച്ച്‌ ഇരുവരും രംഗത്തെത്തി.

 ബൊളീവിയയിൽ ജനാധിപത്യസർക്കാറിനെതിരെ അട്ടിമറി ശ്രമങ്ങൾക്ക്‌ കോപ്പുകൂട്ടുകയാണ്‌ വലതുപക്ഷം. പൊലീസ്‌ ഉൾപ്പെടെയുള്ള സായുധസേനാ വിഭാഗങ്ങൾ തങ്ങൾ ഫാസിസിസ്റ്റ്‌ മിലിറ്റൻ ഗ്രൂപ്പുകളെ ലാപാസിലെ പ്രസിഡന്റിന്റെ കൊട്ടാരം ആക്രമിക്കാൻ അനുവദിക്കുമെന്ന്‌ തുറന്നുസമ്മതിക്കുന്നു. ഇത്‌ ഗൗരവമേറിയ സാഹചര്യമാണെന്ന്‌ നോം ചോംസ്‌കിയും വിജയ്‌ പ്രസാദും പ്രസ്‌താവനയിൽ പറഞ്ഞു.

 ബൊളീവിയൻ ജനാധിപത്യം സംരക്ഷിക്കുന്നതിനായി രാജ്യത്തെ പ്രധാനപ്പെട്ട നാല്‌ പാർട്ടികളെയും  ഇവൊ മൊറാലിസ്‌ ചർച്ചയ്‌ക്ക്‌ ക്ഷണിച്ചു. രാജ്യം സൈനിക ഏകാധിപത്യത്തിലേക്ക്‌ തിരിച്ചുപോകുന്നത്‌ തടയാൻ സംവാദത്തിനുള്ള സാധ്യതകൾ അദ്ദേഹം തുറന്നിടുന്നു. ഐക്യരാഷ്‌ട്രസഭയടക്കമുള്ള ലോകരാജ്യങ്ങളുടെ സംഘടനകളുമായി മൊറാലിസ്‌ ബന്ധപ്പെട്ടു.  ജനാധിപത്യത്തെ അട്ടിമറിക്കുവാനുള്ള ശ്രമങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌ ബൊളീവിയൻ പ്രഭുത്വമാണ്‌. തെരഞ്ഞെടുപ്പുകളിൽ സോഷ്യലിസ്റ്റ്‌ മുന്നേറ്റങ്ങൾക്ക്‌ മുന്നിൽ പരാജയപ്പെട്ടതിൽ അവർ രോഷാകുലരാണ്‌. ബൊളീവിയൻ പ്രഭുത്വത്തിന്‌ പൂർണപിന്തുണ നൽകുന്നത്‌ അമേരിക്കൻ ഭരണകൂടമാണെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു. 

അമേരിക്കൻ ഭരണകൂടം ദീർഘകാലമായി മൊറാലിസിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും അധികാരഭ്രഷ്‌ടരാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരുദശാബ്‌ദത്തിലേറെയായി ലാപാസിലെ യുഎസ്‌ എംബസി വൃത്തങ്ങൾ വ്യക്തമാക്കുന്ന കാര്യം അവർക്ക്‌ രണ്ട്‌ വഴികളാണുള്ളത്‌ എന്നാണ്‌. ഒന്നുകിൽ അട്ടിമറി. അല്ലെങ്കിൽ മൊറാലിസിന്റെ വധം. ഇത്‌ യുഎൻ ചാർട്ടറിന്റെയും എല്ലാ അന്താരാഷ്‌ട്ര ഉടമ്പടികളുടെയും ഗുരുതരമായ ലംഘനമാണ്‌.  ജനാധിപത്യ ധ്വംസനത്തിനും അട്ടിമറിക്കുമെതിരായി ബൊളീവിയൻ ജനതയോടൊപ്പം നിൽക്കുമെന്നും വരും ദിവസങ്ങളിൽ ബൊളീവിയൻ ജനത നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ അവർക്ക്‌ അതിജീവിക്കാനാവുമെന്നാണ്‌ പ്രതീക്ഷയെന്നും ഇരുവരും പ്രത്യാശപ്രകടപ്പിച്ചു. 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.