ലൈഫ് മിഷൻ മാനദണ്ഡപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയവർക്ക്‌ വീട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും: എ കെ ബാലൻ | Kerala | Deshabhimani


തിരുവനന്തപുരം >   വാസയോഗ്യമായ വീട്‌ ഇല്ലാതിരുന്നിട്ടും ലൈഫ് മിഷന്‍റെ മാനദണ്ഡപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാർക്ക് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വീട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി എ കെ ബാലൻ അറിയിച്ചു. ബി സത്യന്‍ എംഎല്‍എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കല്‍  പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

കാലപ്പഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ച് വാസയോഗ്യമല്ലാതായ വീടുകളുണ്ട്‌.  വാസയോഗ്യമായ ഭവനം ഇല്ലാതിരുന്നിട്ടും ലൈഫ് മിഷന്‍റെ മാനദണ്ഡപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയ വിഭാഗമാണിത്. അത്തരത്തിലുള്ള 39902 പട്ടികജാതി വിഭാഗക്കാരുടേയും, 20087 പട്ടികവര്‍ഗ വിഭാഗക്കാരുടേയും വീടുകളുടെ ലിസ്റ്റ് ലൈഫ് മിഷന് കൈമാറിയിട്ടുണ്ട്. ഇവര്‍ക്ക് വീട് അനുവദിക്കുന്നതിന് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയിരുന്ന ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏകോപിപ്പിച്ച് ഭവനരഹിതര്‍ക്ക് വീട്‌ ഉറപ്പാക്കുന്നതിനാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. എൽഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് പട്ടികജാതി വികസന വകുപ്പ് മുഖേന 23801 വീടുകളും, പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന 6709 വീടുകളും അനുവദിക്കുകയുണ്ടായി. 2018‐19 മുതല്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്‍ മുഖേനയാണ് ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ഫണ്ട് ലൈഫ് മിഷന് കൈമാറുകയാണ് ചെയ്യുന്നത്. 9650 പട്ടികജാതി കുടുംബങ്ങള്‍ക്കും 3207 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ലൈഫ്മിഷന്‍ മുഖേന വീടുകള്‍ അനുവദിച്ചു കഴിഞ്ഞു.

ലൈഫ് മിഷന്‍റെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടാത്തതും വിവിധ പദ്ധതികളിലൂടെ നിര്‍മ്മാണം ആരംഭിച്ച് വാസയോഗ്യമാക്കുവാന്‍ കഴിയാതെപോയതുമായ വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഒന്നര ലക്ഷം രൂപ അനുവദിക്കുന്ന പുതിയ പദ്ധതി പട്ടികജാതി വികസന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.