റോഡ് അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും : സർക്കാർ ഹൈക്കോടതിയിൽ | Kerala | Deshabhimaniകൊച്ചി

പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള റോഡുകൾ ഡിസംബർ 31നകവും തദ്ദേശവകുപ്പിനു കീഴിലുള്ള റോഡുകൾ ജനുവരി 31നകവും അറ്റകുറ്റപ്പണി നടത്തുമെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഈ സമയക്രമത്തിൽ പണി പൂർത്തിയാകുമെന്ന്‌ സർക്കാർ ഉറപ്പാക്കണമെന്ന്‌ കോടതി പറഞ്ഞു. അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദിന്റെ വാദം രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. മഴയില്ലെങ്കിൽ നേരത്തെതന്നെ പണി പൂർത്തിയാക്കുമെന്നും എജി കോടതിയെ അറിയിച്ചു.

കൊച്ചി നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കാൻ നഗരസഭയോടും പൊതുമരാമത്തുവകുപ്പിനോടും നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട് എറണാകുളത്തെ സബർബൻ ട്രാവൽസ് ഉടമ സി പി അജിത് കുമാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

റോഡ് അറ്റകുറ്റപ്പണിയും നിർമാണവും സംബന്ധിച്ച് ഏഴു നിർദേശങ്ങൾ കോടതി ഇറക്കിയിട്ടുണ്ട്. പുതിയ റോഡുകളുടെ നിർമാണവും നിലവിലെ റോഡുകളുടെ അറ്റകുറ്റപ്പണിയും യോഗ്യരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടക്കണം, വീഴ്‌ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം, റോഡുകളിൽ കുഴിയും വിള്ളലും പ്രത്യക്ഷപ്പെട്ടാൽ ഉദ്യോഗസ്ഥർ ഉടൻ നടപടി സ്വീകരിക്കണം, വീഴ്‌ചയുടെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും വകുപ്പുമേധാവികൾക്കുമാണ്, പൊതുമരാമത്ത് റോഡുകളുടെ പട്ടികയും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വാട്‌സാപ്‌ നമ്പർ അടക്കമുള്ള വിവരങ്ങളും പൊതുജനങ്ങൾക്കായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം, പൊതുമരാമത്തുവകുപ്പിലെപ്പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലെ റോഡുകളുടെ ദൈനംദിന അറ്റകുറ്റപ്പണികൾക്കായി പ്രത്യേക ടീം രൂപീകരിക്കണം എന്നിവയാണ്‌ നിർദേശങ്ങൾ. റോഡ് നിർമാണത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യയും രീതികളും ഉപയോഗിക്കാൻ നിർദേശിച്ചതായും എജി കോടതിയെ അറിയിച്ചു.

തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിലെ 1,33,384 റോഡുകളുടെ പ്രവൃത്തികൾക്ക് അനുമതി നൽകിയതായി സീനിയർ ഗവ. പ്ലീഡർ കെ വി മനോജ് കുമാർ കോടതിയെ അറിയിച്ചു. അറ്റകുറ്റപ്പണിയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. നിശ്ചിത സമയത്തിനകം റോഡ് തകർന്നാൽ കരാറുകാരനാണ്‌ ബാധ്യത എന്ന വ്യവസ്ഥ കർശനമാക്കുന്നതായും മനോജ് കുമാർ വിശദീകരിച്ചു. സഹോദരൻ അയ്യപ്പൻ റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രികനായ ആർ ഉമേഷ് കുമാർ മരിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി പറഞ്ഞു.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.