രാഹുലും ശ്രേയസും തകർത്തടിച്ചു; ചഹറും ദുബെയും എറിഞ്ഞിട്ടു; മൂന്നാം ട്വന്റി20യിലും ഇന്ത്യയ്ക്ക് ജയം
നാഗ്പൂർ: ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തേയും ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് ജയം. 30 റൺസിനാണ് ഇന്ത്യയുടെ ജയം. മൂന്ന് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയ ദീപക് ചാഹറിന്റെ വെടിക്കെട്ട് ബൌളിംഗാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം പതിയെയായിരുന്നു. നായകൻ രോഹിത് ശർമ്മ രണ്ടും ശിഖർ ധവാൻ 19 ഉം റൺസെടുത്ത് മടങ്ങി. പിന്നീടെത്തിയ കെഎൽ രാഹുലും ശ്രേയസ് അയ്യരും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. രാഹുൽ 35 പന്തിൽ 52 റൺസും ശ്രേയസ് 33 പന്തിൽ 62 റൺസുമെടുത്ത് പുറത്തായി. അവസാന ഏവറുകളിൽ മനീഷ് പാണ്ഡെ ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ 170 കടന്നു. പാണ്ഡെ 13 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു.

175 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഇന്നിംഗ്സ് 19.2 ഓവറിൽ 144 റൺസിൽ അവസാനിച്ചു. 48 പന്തിൽ 81 റൺസെടുത്ത ഓപ്പണർ മുഹമ്മദ് നയീമിന്റെ ബാറ്റിംഗാണ് ബംഗ്ലാദേശിന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. ബംഗ്ലാ നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്.

ചാഹർ ആറ് വിക്കറ്റ് നേടിയപ്പോൾ ശിവം ദുബെ 4 ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളും യൂസ് വേന്ദ്ര ചഹൽ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.