രതീഷിന്‌ കണ്ണീരോടെ വിട

കഴക്കൂട്ടം
തിരുവനന്തപുരം സിഇടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിവിൽ എൻജിനിയറിങ് വിദ്യാർഥി രതീഷ്‌ കുമാറിന് കോളേജിലെ സഹപാഠികളും അധ്യാപകരും  യാത്രാമൊഴി നൽകി. ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ്‌ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കോളേജിൽ പൊതുദർശനത്തിന്‌ വച്ചത്. വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ വൻ ജനാവലി രതീഷിനെ അവസാനമായി ഒരു നോക്കുകാണാൻ കോളേജിലെത്തി. അഞ്ചരയോടെ  മൃതദേഹം ഉള്ളൂർ നീരാഴി ലെയ്‌നിലെ വീട്ടിലേക്ക്‌ കൊണ്ടുപോയി. തുടർന്ന്‌, തൈക്കാട്‌ ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

ശനിയാഴ്‌ചയാണ്‌ നീരാഴി ലെയ്‌നിലെ സരസ്‌ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന  നെയ്യാറ്റിൻകര വിശാഖത്തിൽ രതീഷ്‌കുമാറിനെ(19) കോളേജിലെ ഭിന്നശേഷിക്കാരുടെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെ സുരക്ഷാജീവനക്കാർ ശനിയാഴ്ച രാത്രി പതിനൊന്നോടെ പരിശോധന നടത്തുന്നതിനിടെയാണ്‌ ശുചിമുറി അകത്തുനിന്ന്‌ പൂട്ടിയിരിക്കുന്നതായി കണ്ടത്‌. തുടർന്ന്‌, പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്‌ച  പരീക്ഷ എഴുതാൻ കോളേജിലേക്കുപോയ രതീഷ് മടങ്ങിയെത്താത്തതിനെ തുടർന്ന്‌ അമ്മയുടെ സഹോദരി ഗിരിജ  ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. നേരത്തെ അമ്മ മരിച്ച രതീഷ്‌കുമാർ ഗിരിജയുടെ സംരക്ഷണയിലാണ്‌ കഴിഞ്ഞിരുന്നത്.
പരീക്ഷയ്‌ക്കിടെ മുക്കാൽ മണിക്കൂർമുമ്പ്‌ രതീഷ്‌ ക്ലാസിൽനിന്ന്‌ പോയിരുന്നു. ഇയാളുടെ ഫോൺ കോളേജിന്‌ സമീപത്താണെന്ന്‌ സൈബർ സെൽ  കണ്ടെത്തി. കോളേജിലും പരിസരത്തെ കുളങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച പകൽ പന്ത്രണ്ടോടെ തഹസിൽദാർ ജയജോസ് രാജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ശ്രീകാര്യം ഇൻസ്‌പെക്ടർ അനീഷ് ഡേവിഡ്, എസ്ഐ ബിജു രാധാകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടം നടത്തി.

|ധരിച്ചിരുന്ന ഷർട്ടിൽനിന്ന്‌ മൊബൈൽ ഫോൺ കണ്ടെത്തി. ആത്മഹത്യയാണെന്നാണ്‌ പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. നാൽപ്പത്തിയെട്ടു മണിക്കൂറിൽ കൂടുതൽ പഴക്കം മൃതദേഹത്തിനുണ്ട്‌. ആത്മഹത്യക്ക്‌  ഉപയോഗിച്ച പഴക്കം ചെന്ന കയർ കോളേജിൽനിന്ന്‌  കിട്ടിയതാകുമെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.