മോദി സര്‍ക്കാരിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു-മുസ്ലീം മതവിഭാഗം നേതാക്കള്‍; അയോധ്യ വിധിക്ക് പിന്നാലെ മത നേതാക്കളുമായി ചര്‍ച്ച നടത്തി അജിത് ഡോവല്‍


ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ അയോധ്യയിലെ ഹിന്ദു-മുസ്ലീം നേതാക്കളുമായി ചര്‍ച്ച നടത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന സഹകരണവും സാഹോദര്യവും അതേപടി നിലനിര്‍ത്തുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

അയോധ്യ കേസില്‍ മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അജിത് ഡോവലായിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവായി ചുമതലയേറ്റതു മുതല്‍ തന്നെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിവിധ മതനേതാക്കളുമായി ഡോവല്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അജിത് ഡോവലിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ 18 ഹിന്ദു ആചാര്യന്‍മാരും 12 മുസ്ലീം മതനേതാക്കളുമാണ് പങ്കെടുത്തത്.

ശ്രീ അവധേശാനന്ദ്, സ്വാമി പര്‍മതമാനന്ദ, വിശ്വേശ തീര്‍ത്ഥ പെജവാര്‍ സ്വാമി, സ്വാമിസ് ശ്രുതി സിദ്ധാനന്ദ്, നിര്‍മ്മലാനന്ദ് നാഥ, ബോധാസരാനന്ദ, മിത്രാനന്ദ്, പെരൂര്‍ അദീനം, ചിന്ന രാമാനുജ ജീയാര്‍, ചിദാനന്ദ്, ബാബാ രാം ദേവ്, ജനാനന്ദ്, സുത്തൂര്‍ മഠത്തിലെ ജഗദ്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമി, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍, വിഎച്ച്പി നേതാക്കളായ ചമ്പത് റായ്, സുരീന്ദര്‍ ജെയിന്‍, ജീവേശ്വര്‍, സ്വാമി കമല്‍ദാസ് എന്നിവരാണ് ഹിന്ദു വിശ്വാസികളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ജോധ്പൂരിലെ മൗലാന ആസാദ് യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫ. അഖ്ത്രുല്‍ വസി, മുംബൈയിലെ ഓള്‍ ഇന്ത്യ ഉലെമ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മൗലാന മഹമൂദ് അഹമ്മദ് ഖാന്‍ ദര്യാബാദിയും ഷിയ നേതാവ് മൗലാന കല്‍ബെ ജവാദ എന്നിവര്‍ക്കു പുറമെ
ഇന്ത്യ ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍ പ്രസിഡന്റ് ജനാബ് സിറാജുദ്ദീന്‍ ഖുറേഷി, അഖിലേന്ത്യാ മുസ്ലിം മജ്ലിസ് ഇ മുഷവ്‌റത്ത് ജനറല്‍ സെക്രട്ടറി ജനബ് മുജ്തബ ഫാറൂഖ്, മുംബൈയിലെ അഞ്ജുമാന്‍-ഇ-ഇസ്ലാം പ്രസിഡന്റ് മൗലാന അഷ്ഗര്‍ അലി ഇമാം മെഹ്ദി സൂഫി, സയ്യിദ് നസറുദ്ദീന്‍ ചിസ്റ്റി, ജമാത്തെ ഇ ഇസ്ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് പിര്‍ ഫരീദ് അഹമ്മദ് നിസാമി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇരുവിഭാഗം മതനേതാക്കളും സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മോദി സര്‍ക്കാരുമായി സഹകരിക്കുമെന്ന് ചര്‍ച്ചയില്‍ അറിയിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സുരക്ഷ നടപടികളുമായി സഹകരിക്കുമെന്നും രാജ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കുമെന്നും മതനേതാക്കള്‍ അറിയിച്ചതായി ദേശീയ സുരക്ഷ ഏജന്‍സിയുടെ ഓഫീസ് വ്യക്തമാക്കി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.