മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി; എട്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍


കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിനെതിരെ സമരം ചെയ്ത സിഐടിയു അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി. ഇതിന്‍പ്രകാരം ജീവനക്കാരായ എട്ട് പേരെ മുത്തൂറ്റ് സസ്‌പെന്‍ഡ് ചെയ്തു.ദിവസങ്ങളായി തുടരുന്ന ഉപരോധത്തില്‍ പങ്കെടുക്കുകയും ശാഖയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്ത ജീവനക്കാരെയാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ ജോലിക്കെത്തിയവരെ തടയുകയും ജീവനക്കാരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് മാനേജമെന്റ് നടപടി എടുത്തത്.

ജോലിക്ക് എത്തുന്നവരെ തടയരുതെന്ന് കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോടതിയുടെ ഉത്തരവ് ലംഘിച്ച ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ഡെപ്യൂട്ടി മാനേജര്‍ ബേബി ജോണ്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ജോലിക്ക് സന്നദ്ധരായി എത്തുന്നവരെ തൊഴില്‍ സംഘടനക്കാര്‍ നിര്‍ബന്ധപൂര്‍വ്വം തടയുകയാണെന്നും തടസ്സമില്ലാതെ ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബ്രാഞ്ച് തലവന്മാരുടെ ഹര്‍ജിയിലാണ് കോടതി സംരക്ഷണത്തിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ജീവനക്കാരില്‍ പലരും ഈ ഉത്തരവ് ലംഘിച്ച് പ്രതിഷേധം ശക്തമാക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

അനാവശ്യ കാരണങ്ങള്‍ ഉന്നയിച്ച് മികച്ച ആനുകൂല്യം കൈപ്പറ്റുന്ന ജീവനക്കാരില്‍ ഒരു വിഭാഗം സി ഐ ടി യുമായി ചേര്‍ന്ന് സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് മുത്തൂറ്റ് മാനേജ്മെന്റിന്റെ വാദം. സമരത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു .കേരളത്തില്‍ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്. 2016 മുതലാണ് വിവിധ ബ്രാഞ്ചുകളില്‍ സമരം നടത്തുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രാഞ്ചുകളില്‍ പ്രവര്‍ത്തനം നിലച്ച സാഹചര്യമാണ്. അതിനിടെ ബ്രാഞ്ചില്‍ കയറാനെത്തിയ ജീവനക്കാരെ സിഐടിയുക്കാര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.അതേസമയം, മന്ത്രി ടിപി രാമകൃഷ്ണനുമായി നടന്ന സമവായ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് മാനേജ്‌മെന്റ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.