മഴ ശമിക്കുന്നു; ആളുകള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി


എറണാകുളം: മഴ കുറഞ്ഞു തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങി തുടങ്ങി. വെള്ളക്കെട്ടൊഴിഞ്ഞ പ്രദേശങ്ങളിലെ ജനങ്ങളാണ് മടങ്ങുന്നത്. ഇതോടെ എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം പകുതിയായി കുറച്ചു.

എന്നാല്‍ ഇന്ന് രാവിലെ കാലവര്‍ഷം ശക്തമായതോടെ വെള്ളം നിറഞ്ഞ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ തിരികെ എത്തിയിട്ടുണ്ട്. എണ്ണായിരത്തോളം പേരാണ് നിലവില്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് പശ്ചിമ ബംഗാള്‍ ഒഡീഷ തീരത്തേയ്ക്ക് അടുത്തിട്ടുണ്ട്. ഇത് 48 മണിക്കൂര്‍ കൊണ്ട് ശക്തി പ്രാപിക്കാന്‍ ഇടയുണ്ട്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എന്നാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Credits: JANAM TV



Source link

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.