മറുപടികൾ എണ്ണിപ്പറഞ്ഞ്‌ മുഖ്യമന്ത്രി: പ്രതിരോധിക്കാൻ പ്രതിപക്ഷം | Kerala | Deshabhimani
തിരുവനന്തപുരം > അഞ്ചിടത്തെ വിധിയെഴുത്തിന്‌  എട്ടുദിനം ശേഷിക്കെ പ്രതിപക്ഷത്തിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച്‌  മുഖ്യമന്ത്രിയും പ്രതിരോധിക്കാൻ  വഴിതേടി പ്രതിപക്ഷവും അണിനിരന്നു.  വാക്‌പോര്‌ മുറുകിയതോടെ പോർമുഖത്ത്‌ വീറും വാശിയുമേറി. ‘വിശ്വാസ’വുമായി ബന്ധപ്പെട്ട്‌  തെറ്റിദ്ധാരണ പരത്താനുള്ള കോൺഗ്രസിന്റെ ശ്രമം തുറന്നുകാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ മഞ്ചേശ്വരത്തെ ആദ്യ പൊതുയോഗത്തിൽ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും വരിഞ്ഞുമുറുക്കി.

മഞ്ചേശ്വരത്തെ എൽഡിഎഫ്‌ സ്ഥാനാർഥി ‘കപട ഹിന്ദു’ വാണെന്ന ചെന്നിത്തലയുടെ  ആക്ഷേപത്തിന്‌ മുഖ്യമന്ത്രി ശക്തമായ തിരിച്ചടിയാണ്‌ നൽകിയത്‌. ‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം’ ആരെങ്കിലും പ്രതിപക്ഷനേതാവിന്റെ കക്ഷത്ത്‌ വച്ചുകൊടുത്തിട്ടുണ്ടോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ചെന്നിത്തലയുടെ കുറിക്കുകൊണ്ടു. നവോത്ഥാന നായകന്റെ അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക്‌ നൽകിയിട്ടില്ലെന്ന പ്രതികരണമായിരുന്നു ചെന്നിത്തലയിൽനിന്നുണ്ടായത്‌. വിശ്വാസിയായതിന്റെപേരിൽ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി ചോദ്യം ചെയ്‌തു.

ഭരണനേട്ടവും മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയും അക്കമിട്ട്‌ നിരത്തിയാണ്‌ എൽഡിഎഫ്‌ പ്രചാരണരംഗത്ത്‌ മുഴുകിയിരിക്കുന്നത്‌. മന്ത്രിമാരും എൽഡിഎഫ്‌ നേതാക്കളും പങ്കെടുക്കുന്ന കുടുംബയോഗങ്ങളാണ്‌ മണ്ഡലങ്ങളിലെമ്പാടും നടക്കുന്നത്‌. രാഷ്ട്രീയവിഷയങ്ങളിലൂന്നിയുള്ള പ്രചാരണത്തിന്‌ മുമ്പിൽ അടിപതറിയ യുഡിഎഫും ബിജെപിയും ശബരിമല വിവാദം  മുഖ്യപ്രശ്‌നമായി ഉന്നയിക്കാനാണ്‌  ശ്രമിക്കുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയൻ മഞ്ചേശ്വരത്തും  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ കോന്നിയിലും പൊതുയോഗത്തിന്‌ തുടക്കംകുറിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അരൂരിലും സംസാരിച്ചു.  സ്വകാര്യവൽക്കരണവും രാജ്യത്തെ സാമ്പത്തികമാന്ദ്യവും ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ നടപടികൾ വിശദീകരിക്കുകയാണ്‌ എൽഡിഎഫ്‌ നേതാക്കൾ. എന്നാൽ, കേന്ദ്ര സർക്കാരിനെതിരെ കാര്യമായ വിമർശനം ഉന്നയിക്കാതെയാണ്‌ യുഡിഎഫ്‌ പ്രചാരണം. കേരള ബാങ്കിന്‌ റിസർവ്‌ ബാങ്കിന്റെ അന്തിമാനുമതി കിട്ടിയതും കൂടത്തായി സൈനഡ്‌ കൊലപാതക കേസ്‌ തെളിയിക്കാൻ കഴിഞ്ഞതും സർക്കാരിന്റെ നേട്ടമാണ്‌. ഇതിൽ വിറളി പൂണ്ടിരിക്കുകയാണ്‌ യുഡിഎഫ്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ശനിയാഴ്‌ച നടത്തിയ വിമർശനം. കൂടത്തായി  കൂട്ടക്കൊല  സംബന്ധിച്ച്‌ സർക്കാരിനും പൊലീസിനും മാസങ്ങൾക്കുമുമ്പ്‌ വിവരം കിട്ടിയിട്ടും ഇപ്പോൾ  പുറത്തുവിട്ടത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ്‌ മുല്ലപ്പള്ളിയുടെ വാദം.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.