മരട്‌ ഫ്ലാറ്റ്‌ പൊളിക്കാനുള്ള കമ്പനികളെ അംഗീകരിക്കാതെ നഗരസഭ | Kerala | Deshabhimani


കൊച്ചി > ഫ്ലാറ്റുകൾ പൊളിക്കുന്നതിന്‌ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തതടക്കമുള്ള നടപടികൾക്ക്  അംഗീകാരം നൽകാതെ മരട്‌ നഗരസഭാ കൗൺസിൽയോഗം. വിഷയം അജൻഡയിലില്ലാത്തതിനാൽ അംഗീകാരം നൽകാനാകില്ലെന്ന് ഭരണ, പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിലപാടെടുത്തു. പരിസരവാസികളുടെ സംശയങ്ങൾക്ക്‌ മറുപടി നൽകിയശേഷം, ഫ്ലാറ്റുകൾ പൊളിക്കുന്നത്‌ അജൻഡയായി ഉൾക്കൊള്ളിച്ച്‌ വീണ്ടും കൗൺസിൽ വിളിക്കാമെന്ന്‌ സബ്‌ കലക്ടർ സ്‌നേഹിൽകുമാർ സിങ് യോഗത്തിൽ അറിയിച്ചു.

പരിസരവാസികളുടെ ആശങ്കകൾ പരിഹരിക്കാതെ കമ്പനികൾക്ക് അനുമതി നൽകാനാകില്ലെന്ന നിലപാടിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ നിലപാടെടുത്തതോടെ കൗൺസിൽ ഹാൾ ശബ്ദമുഖരിതമായി. പൊളിക്കലിന്റെ ടെൻഡർ നടപടികൾ ഉൾപ്പെടെ 60 ശതമാനം പ്രവൃത്തികളും നഗരസഭയെ അറിയിക്കാതെയാണ്‌ മുന്നോട്ടുപോയത്‌. പരിസരവാസികളുടെ സംശയങ്ങൾക്ക്‌ മറുപടി പറയേണ്ടിവരുന്നത്‌ തങ്ങളാണെന്നും കൗൺസിലർമാർ പറഞ്ഞു.

സമീപവാസികളുടെ സംശയങ്ങൾ തീർക്കാനായി, സബ്‌ കലക്ടർ പങ്കെടുക്കുന്ന നാലു യോഗങ്ങൾ വിളിക്കാൻ തീരുമാനിച്ചു. ആദ്യയോഗം 13ന്‌ പകൽ മൂന്നിന്‌ കുണ്ടന്നൂർ പെട്രോ ഹൗസിൽ ചേരും. എച്ച്‌2ഒ ഫ്ലാറ്റിന്റെ പരിസരത്തുള്ളവർക്ക്‌ ഇതിൽ പങ്കെടുക്കാം. അന്നുതന്നെ വൈകിട്ട്‌ അഞ്ചിന്‌ കായലോരം ഫ്ലാറ്റിന്‌ പരിസരത്തും യോഗം ചേരും. ആൽഫ വെഞ്ചേഴ്‌സ്‌ ഫ്ലാറ്റിന്റെ പരിസരവാസികൾക്കായി 14ന്‌ പകൽ മൂന്നിന്‌ നെട്ടൂർ ഖദീജത്തുൾ കുദ്രഹാളിൽ യോഗം നടക്കും. വൈകിട്ട്‌ അഞ്ചിന്‌ ജെയ്‌ൻ ഹൗസിന്റെ പരിസരവാസികൾക്കായി നെട്ടൂർ പ്രിയദർശിനി ഹാളിലും യോഗമുണ്ടാകും. എല്ലാ യോഗങ്ങളിലും സബ്‌ കലക്ടർ സ്‌നേഹിൽകുമാർ സിങ്‌ പങ്കെടുക്കും. പൊളിക്കൽ വിദഗ്‌ധൻ സാർവത്തെയുടെ സാന്നിധ്യവും യോഗത്തിൽ കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും അത്‌ ഉണ്ടാകില്ലെന്ന്‌ സബ്‌ കലക്ടർ അറിയിച്ചു.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.