ഭീകരരുടെ കയ്യിലകപ്പെടാതിരിക്കാന്‍ എന്റെ മുത്തച്ഛന്‍ ഞങ്ങളെ കൊല്ലാനും തയ്യാറായിരുന്നു : കശ്മീര്‍ പണ്ഡിറ്റുകളോടുള്ള ക്രൂരത വെളിവാക്കി മാധ്യമപ്രവര്‍ത്തക
വാഷിംഗ്ടണ്‍: ഇന്ന് സിറിയ അനുഭവിക്കുന്ന ഐഎസ് ഭീകരതക്ക് സമാനമായ കാലഘട്ടത്തിലൂടെ കശ്മീര്‍ കടന്നുപോയിട്ടുണ്ടെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക സുനന്ദാ വസിഷ്ഠ് . പാക്സ്ഥാനില്‍ നിന്നുള്ള ഭീകരര്‍ കശ്മീര്‍ പണ്ഡിറ്റുകളേയും ഹിന്ദുക്കളായ ബാക്കിയുള്ളവരേയും ശരിക്കും കൊള്ളയടിക്കുകയായിരുന്നു. ഞങ്ങളുടെ ദുരന്തങ്ങളോട് ഇന്നുവരെ ഒരു ലോകരാഷ്ട്രവും അനുഭാവം കാണിച്ചതായി അറിയില്ലെന്നും സുനന്ദാ വസിഷ്ഠ് വ്യക്തമാക്കി. ഞങ്ങളുടെ മനുഷ്യാവകാശം എടുത്തെറിയപ്പെട്ടപ്പോള്‍ ഈ ഇരിക്കുന്നവരൊക്കെ എവിടെയായിരുന്നു? സുനന്ദ ചോദിച്ചു. വാഷിംഗ്ടണിലെ നടക്കുന്ന ‘മനുഷ്യാവകാശ’ സെമിനാറിലായിരുന്നു കശ്മീര്‍ പണ്ഡിറ്റുകൂടിയായ സുനന്ദാ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

‘ഇന്നത്തെ യാതൊരു അന്തരീക്ഷവുമല്ല 30 വര്‍ഷം മുന്‍പ് ഞാന്‍ നേരിട്ടനുഭവിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ഇസ്ലാമിക ഭീകരര്‍ കശ്മീര്‍ പണ്ഡിറ്റുകളേയും ഹിന്ദുക്കളായ ബാക്കിയുള്ളവരേയും ശരിക്കും കൊള്ളയടിക്കുകയായിരുന്നു. ധാരാളം പേര്‍ കൊലചെയ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടു. ഞങ്ങളുടെ സ്ഥാപനങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ മറ്റാരുടേതോ ആയി മാറി, സുനന്ദ പറഞ്ഞു. ഞങ്ങളുടെ മനുഷ്യാവകാശം എടുത്തെറിയപ്പെട്ടപ്പോള്‍ ഇപ്പോള്‍ മനുഷ്യാവകാശത്തിനെതിരെ പ്രതികരിക്കുന്നവരൊക്കെ എവിടെയായിരുന്നു എന്ന ചോദ്യവും സെമിനാറില്‍ സുനന്ദ ഉന്നയിച്ചു.

1990 ജനുവരി 19 ലെ രാത്രി ഇന്നും എന്റെ ഉറക്കം കെടുത്തുകയാണ്. എല്ലാ പള്ളികളില്‍ നിന്നും മൈക്കില്‍ കശ്മീരി ഹിന്ദുക്കള്‍ക്കെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നു. ഒരു ഭാഗത്തുനിന്ന് കേട്ടത് ‘ ഞങ്ങള്‍ക്ക് വേണ്ടത് ഹിന്ദു സ്ത്രീകള്‍ മാത്രമുള്ള കശ്മീരാണ്’ എന്ന അലര്‍ച്ചയായിരുന്നു. എന്റെ മുത്തച്ഛന്‍ ഒരു കയ്യില്‍ കറിക്കത്തിയും മറുകയ്യില്‍ ഒരു കോടാലിയുമായാണ് ആ ദിവസങ്ങളില്‍ വീട്ടില്‍ ഞങ്ങള്‍ക്ക് കാവലിരുന്നത്. ഏതു നിമിഷവും എത്തിയേക്കാവുന്ന ഭീകരര്‍ എന്നേയും അമ്മയേയും ഉപദ്രവിക്കും അതിനുമുന്‍പ് അദ്ദേഹം തന്നെ ഞങ്ങളെ കൊന്ന് ഒരു ദുരന്തത്തില്‍ നിന്ന് രക്ഷിക്കാനായിരുന്നു സ്വയം തീരുമാനിച്ചിരുന്നത്.’ സുനന്ദ തന്റെ അനുഭവം വിവരിച്ചു.

‘കശ്മീരിലെ ഹിന്ദുക്കള്‍ക്ക് മുന്നില്‍ അവര്‍ അന്ന് 3 കാര്യങ്ങള്‍ വെച്ചുനീട്ടി. ഒന്നുകില്‍ നാടുവിടുക അല്ലെങ്കില്‍ മതംമാറുക രണ്ടും സമ്മതമല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നതായിരുന്നു ആ വ്യവസ്ഥ. ഒറ്റ രാത്രികൊണ്ട് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് 4 ലക്ഷം പണ്ഡിറ്റുകളാണ് ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട് ഓടി രക്ഷപ്പെട്ടത്. ഇന്നും എന്റെ നാട്ടില്‍ എന്നെ സ്വാഗതം ചെയ്യാനാരുമില്ല. എന്റെ ആരാധനാ സ്വാതന്ത്ര്യം തിരികെ ലഭിച്ചിട്ടില്ല. ഞങ്ങളുടെ വീടുകള്‍ ആരുടേയോ കൈവശമാണ്. ആള്‍ താമസമില്ലാത്ത വീടുകളെല്ലാം അവര്‍ തന്നെ ഇടിച്ചുനിരത്തുകയോ കത്തിച്ച് ചാമ്പലാക്കുകയോ ചെയ്തു.’ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് നേരിടേണ്ടിവന്ന ഭയാനകമായ അവസ്ഥയാണ് സുനന്ദ വസിഷ്ഠ് സമ്മേളനത്തില്‍ വിവരിച്ചത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.