ഭാസ്‌കര പൊതുവാളും റോബോട്ടും പിന്നെ സുബ്രഹ്മണ്യനും – ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ റിവ്യൂ | Review | Cinema | Deshabhimaniവർദ്ധക്യത്തിൽ ബോറടിച്ചിരിക്കുന്ന ഒരു നാട്ടിൻപുറത്തുകാരന്‌ കൂട്ടായി ഒരു റോബോട്ട്‌ വന്നാൽ എങ്ങനെയിരിക്കും. ഒറ്റയ്‌ക്ക്‌ ഒരു വീട്ടിൽ താമസിക്കുന്ന ആൾകൂടി ആകുമ്പോഴോ. ചിന്തിക്കുമ്പോൾ ചിത്രകഥപോലെ തോന്നുന്ന ത്രെഡിനെ മനോഹരമായൊരു സിനിമയാക്കിയിരിക്കുകയാണ്‌ രതീഷ്‌ ബാലകൃഷ്‌ണ പൊതുവാൾ എന്ന നവാഗത സംവിധായകൻ.

“വികൃതി ‘ ക്ക്‌ ശേഷം സുരാജ്‌ വെഞ്ചാറമൂടും സൗബിനും ഒരുമിച്ചഭിനയിച്ച ചിത്രമാണ്‌ ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ വേർഷൻ 5.25. പേര്‌ സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു റോബോട്ടും അത്‌ മനുഷ്യന്മാരുമായി ഇടപെടുമ്പോഴുണ്ടാകുന്ന സംഭവങ്ങളുമാണ്‌ സിനിമയിൽ. ഉത്തരമലബാറിലെ ഗ്രാമാന്തരീക്ഷത്തിലേക്ക്‌ മലയാളത്തിൽ അത്ര അധികം ചിന്തിക്കാത്ത റോബോട്ട്‌ പ്രമേയവുമായി എത്തിയ സംവിധായകൻ സിനിമയെ ആവശ്യമായ ചേരുവകളെല്ലാം കൊടുത്ത്‌ ഭംഗിയുള്ളതാക്കിയിട്ടുണ്ട്‌.

പയ്യന്നൂരിലെ ഉൾഗ്രാമത്തിൽ ജീവിക്കുന്ന ഭാസ്‌കര പൊതുവാളും (സുരാജ്‌), മകൻ സുബ്രഹ്മണ്യനും (സൗബിൻ) തമ്മിലുള്ള സ്‌നേഹവും ഇടയിലുണ്ടാകുന്ന രസമുള്ള പ്രശ്‌നങ്ങളുമാണ്‌ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്‌. പിടിവാശിക്കാരനും പഴയ രീതിയിൽനിന്ന്‌ മാറാൻ ആഗ്രഹിക്കാത്ത ഭാസ്‌ക്കര പൊതുവാളും, വിദേത്ത്‌ നിന്നടക്കം നല്ല ജോലികൾ തേടി എത്തിയിട്ടും അച്ഛനോടുള്ള സ്‌നേഹംകൊണ്ട്‌ സ്വപ്‌നങ്ങളെല്ലാം വീട്ടിലും കവലയിലുമായി ഒതുക്കിവച്ചിരിക്കുന്ന സുബ്രഹ്മണ്യനും. സ്വന്തം ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുമ്പോൾ അച്ഛൻ സുബ്രഹ്മണ്യന്‌ ഒരിക്കലും ഒരു ബുദ്ധിമുട്ടല്ല. റഷ്യയിലടക്കം ജോലി കിട്ടുമ്പോഴും കൂടെ കൊണ്ടുപോകാനാണ്‌ താൽപര്യം.

ജപ്പാൻ കമ്പനിയിൽ ജോലി കിട്ടി, കമ്പനി സ്ഥിതിചെയ്യുന്നത്‌ റഷ്യയിലാണെന്ന്‌ സുബ്രഹ്മണ്യൻ അച്ഛനോട്‌ പറയുന്നുണ്ട്‌. “ജപ്പാനിൽ ഇത്രയും സ്ഥലം ഉണ്ടായിട്ടും അവർക്ക്‌ കമ്പനി റഷ്യയിൽ വക്കാനെ പറ്റിയുള്ളോ?. അത്‌ കേട്ടാൽത്തന്നെ അറിഞ്ഞൂടേ ഉടായിപ്പാണെന്ന്‌’. എന്നാണ്‌ ഭാസ്‌കര പൊതുവാളിന്റെ മറുപടി. എത്രത്തോളം നിഷ്‌ക്കളങ്കനും പുതിയ കാലത്തേക്ക്‌ ഓടിയെത്താൻ പറ്റാത്തതുമായ ആളാണ്‌ സുബ്രഹ്മണ്യന്റെ അച്ഛനെന്ന്‌ മനസ്സിലാക്കാൻ ഒറ്റ സന്ദർഭം മതി. വീടും, അമ്മിക്കല്ലിലും ഉരലിലും അരച്ച ഭക്ഷണവും, നാടും അമ്പലക്കുളവും വിട്ട്‌ വേറൊരു ജീവിതത്തിന്‌ അദ്ദേഹം ഒരുക്കമല്ല.

അച്ഛനെ ധിക്കരിച്ച് പോയതാണെങ്കിലും റഷ്യയിലെ റോബോട്ട്‌ നിർമാണ സ്ഥാപനത്തിലും സുബ്രഹ്മമണ്യന്റെ ചിന്ത വീട്ടിൽ ഒറ്റക്കുള്ള അച്ഛനെപ്പറ്റി തന്നെ. ഒടുവിൽ അച്ഛന്‌ കൂട്ടിനായി നാട്ടിലേക്ക്‌ ഒരു റോബോട്ടിനെ കൊണ്ടുവരുന്നതോടെ കഥയുടെ പാളം മാറുകയാണ്‌. തമാശയുടെ ഭാഷയിലാണ്‌ ആദ്യാവസാനംവരെ സിനിമ സഞ്ചരിക്കുന്നത്‌.

വാർദ്ധക്യകാലത്തെ ഏകാന്തത എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച്‌ പോകുന്ന ഒട്ടേറെ സിനിമകൾ മലയാളത്തിലുണ്ട്‌. ബുദ്ധിമുട്ടുകൾ പറഞ്ഞ്‌ മുറിയിൽ ഒതുങ്ങിക്കൂടിയിരിക്കാതെ റോബോട്ടിനെയുംകൂട്ടി കുളിക്കാനും റേഷൻ കടയിൽ പഞ്ചസാര വാങ്ങാനുമെല്ലാം പോകുന്ന ഭാസ്‌ക്കര പൊതുവാളിന്റെ കഥാപാത്രം അത്തരം ചിന്തകളോട്‌ അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌.

സ്വന്തം അവസ്ഥയിൽ വേദനയുണ്ടെങ്കിലും സൗബിന്റെ സുബ്രഹ്മണ്യൻ അച്ഛനോട്‌ കാണിക്കുന്ന സ്‌നേഹവും കരുതലുമെല്ലാം പ്രേക്ഷകരുടെ മനസ്സ്‌ നിറയ്‌ക്കുന്നുണ്ട്‌.

നാട്ടിൻപുറ ഭാഷയും രസികന്മാരായ കഥാപാത്രങ്ങളുമെല്ലാം ആദ്യാവസാനം ചിരിപ്പിച്ചാണ്‌ നിറഞ്ഞുനിൽക്കുന്നത്‌. ബന്ധങ്ങളും സ്‌നേഹവുമെല്ലാം യന്ത്രങ്ങളെപ്പൊലെ പെരുമാറുന്ന കാലത്ത്‌ മനുഷ്യന്‌ മനുഷ്യൻ തന്നെയാണ്‌ അവസാന ആശ്രയം എന്ന്‌ സിനിമ പറയുന്നു. ലളിതമായി ഗൗരവമേറിയ ഒരുപാട്‌ കാര്യങ്ങൾ സംവദിക്കാനും സിനിമയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ജാതിയും മതവും ജീർണിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെയും, അതിന്റെ പേരിൽ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്‌ട്രീയവുമെല്ലാം പലരംഗങ്ങളിലും മിന്നിമറയുന്നുണ്ട്‌. അതിനെയെല്ലാം ആക്ഷേപഹാസ്യമായും അവതരിപ്പിക്കാനായി. സുരാജിന്‌ പുറമേ സൈജു കുറുപ്പ്‌, മാലാ പാർവ്വതി എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്‌. ഹാസ്യരംഗങ്ങൾ അനായാസമായാണ്‌ ഇരുവരും ചെയ്‌തിട്ടുള്ളത്‌.

തിരക്കഥയുടെ കെട്ടുറപ്പാണ്‌ ആൻഡ്രോയിഡ്‌ കുഞ്ഞപ്പന്റെ ശ്വാസം. സനു ജോൺ വർഗീസിന്റെ ഛായാഗ്രഹണം പയ്യന്നൂരിന്റെ ഗ്രാമാന്തരീക്ഷം കൺമുന്നിൽ എത്തിക്കുന്നുണ്ട്‌. തൊട്ടതെല്ലാം ബ്രില്ല്യൻസ്‌ ലിസ്‌റ്റിൽ ഉൾപ്പെടുത്തിയ സൈജു ശ്രീധരനാണ്‌ എഡിറ്റിങ്‌.

ഭാസ്‌ക്കര പൊതുവാളും, സുബ്രഹ്മണ്യനും ആൻഡ്രോയിഡ്‌ കുഞ്ഞപ്പനും ചേർന്ന്‌ രസിപ്പിക്കുന്ന നിലവാരമുള്ള സിനിമയാണ്‌ “ആൻഡ്രോയിഡ്‌ കുഞ്ഞപ്പനെ’ ന്ന്‌ നിസ്സംശയം പറയാം.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.