‘ഭയമോ ഞങ്ങൾക്കോ, ഇത്‌ അഭിമാനനിമിഷമല്ലേ’

തൃശൂർ> സൂര്യ എസ്‌ഐയായി എത്തുന്നത്‌ സിഐഎസ്‌എഫിൽനിന്ന്‌. ഗീതുമോൾ എക്‌സൈസിൽനിന്നും ഡിനി വിജിലൻസിൽനിന്നും. ശിഖ എംടെക്കുകാരിയും. കേരള പൊലീസിൽ നേരിട്ട്‌ നിയമനം ലഭിച്ച വനിതാ  എസ്‌ഐമാർ. "ഇത്‌ അഭിമാനനിമിഷം’   ഇവർ പറഞ്ഞു. 37 വനിതകളാണ്‌ പരിശീലനം പൂർത്തിയാക്കി ഇറങ്ങിയത്‌.  ബിരുദാനന്തര ബിരുദമുള്ളവർ തുടങ്ങി എംടെക്കും എംസിഎയുമുള്ളവർവരെ ഇക്കൂട്ടത്തിലുണ്ട്‌.

മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കിയതിന്‌ മുഖ്യമന്ത്രിയിൽനിന്ന്‌ ട്രോഫി വാങ്ങിയ അഭിമാനത്തിലായിരുന്നു പാലക്കാട്‌ തത്തമംഗലം സ്വദേശിനി എസ്‌ ഗീതുമോൾ.   "ആദ്യത്തെ വനിതാ എസ്‌ഐ ബാച്ചിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ട്‌’–- ഗീതുമോൾ പറഞ്ഞു.  എകെ ‌47നും എസ്‌എൽആറും  പിസ്റ്റളുമെടുത്ത്‌ പരിശീലിച്ചപ്പോൾ  ഭയമൊന്നും തോന്നിയില്ല. സ്‌ത്രീകൾക്കും ഇതെല്ലാം കഴിയുമെന്നാണ്‌ ഞങ്ങൾ തെളിയിച്ചത്‌–- ഗീതുമോൾ പറഞ്ഞു. നേരത്തേ സിവിൽ എക്‌സൈസ്‌ ഓഫീസറായിരുന്നു. പെരിഞ്ചേരി വീട്ടിൽ സുദേവന്റെയും വിജയലക്ഷ്‌മിയുടെയും മകളാണ്‌. മുരളിയാണ്‌ സഹോദരൻ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി കെ ആർ സൂര്യ 2010ലാണ്‌ സിഐഎസ്‌എഫിൽ ചേർന്നത്‌. ഹൈദരാബാദിലും ഡൽഹിയിലുമായിരുന്നു. പിന്നീട്‌ പ്രിന്റിങ് വകുപ്പിൽ. അവിടെനിന്ന്‌ കേരള പൊലീസിലേക്ക്‌. വീണ്ടും യൂണിഫോമണിഞ്ഞതിന്റെ ത്രില്ലിലാണ്‌ സൂര്യ. ആലപ്പുഴ പുന്നമടയിലായിരുന്നു നീന്തൽ പരിശീലനം. "ടാസ്‌കെല്ലാം വിജയകരമായി പൂർത്തിയാക്കാനായി’–- സൂര്യ പറഞ്ഞു.  നെട്ടിരച്ചിറ കോവിലകം കുളങ്ങരമഠം രഘുവിന്റെയും ഓമനാദേവിയുടെയും മകളാണ്‌ എംസിഎക്കാരിയായ സൂര്യ. ഭർത്താവ്‌ വിനോദ്‌ ടൂറിസം വകുപ്പിലാണ്. വേദയാണ്‌ മകൾ.
ആർമിക്കാരനായ അച്ഛന്റെ പാത പിന്തുടരണമെന്നായിരുന്നു  കൊല്ലം ശാസ്‌താംകോട്ട സ്വദേശിനി കെ ജി ശിഖയുടെ മോഹം.  എന്നാൽ, നേരിട്ട്‌ എസ്‌ഐ  നിയമനമെന്നറിഞ്ഞപ്പോൾ കേരള പൊലീസിൽ ചേരാനുറപ്പിച്ചു.

കൊട്ടാരക്കര ട്രാവൻകൂർ കോളേജിലായിരുന്നു ബിടെക്കും എംടെക്കും. കാർത്തികയിൽ പരമേശ്വരൻപിള്ളയുടെയും ഗിരിജാദേവിയുടെയും മകളാണ്‌. സഹോദരി ശിൽപ്പ.  കളരിയും യോഗയുമെല്ലാം പരിശീലിച്ചുവെന്ന്‌ ശിഖ പറഞ്ഞു. സ്വപ്‌നസാക്ഷാൽക്കാരത്തിന്‌ ഭർത്താവ്‌ ഒപ്പമില്ലെന്ന നൊമ്പരത്തിലാണ്‌ ആലുവ മുപ്പത്തടം മാടുമ്പുക്കാട്‌  വീട്ടിൽ എ പി  ഡിനി. ഭർത്താവ്‌ പ്രദീഷ്‌ മരിച്ച്‌ മൂന്നുമാസമാകുകയാണ്‌. ഡിനി എസ്‌ഐ ആകണമെന്ന്‌ ഭർത്താവിന്റെ വലിയ സ്വപ്‌നമായിരുന്നു.  വിജിലൻസ്‌ മിനിസ്റ്റീരിയൽ ജീവനക്കാരിയായിരുന്നു. അവിടെനിന്നാണ്‌ പൊലീസിലെത്തിയത്‌.  മേഘയും പ്രണവുമാണ്‌ മക്കൾ.

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.