ബേബി ട്രംപ് ബലൂണ്‍ കുത്തി കീറി നശിപ്പിച്ച നിലയില്‍, ഒരാളെ കസ്റ്റഡിയിലെടുത്തു


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധക്കാര്‍ നിര്‍മ്മിച്ച ബേബി ട്രംപ് ബലൂണ്‍ കത്തികൊണ്ട് കുത്തി കീറി നശിപ്പിച്ച നിലയില്‍. ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് ഇത്തരം ബലൂണ്‍ നിര്‍മ്മിച്ചത്.

അലബാമ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ഗെയിം കാണുന്നതിന് വേണ്ടിയുളള ട്രംപിന്റെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. ബലൂണ്‍ നശിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കളി നടക്കുന്ന സ്റ്റേഡിയത്തിന് സമീപമുള്ള പാര്‍ക്കിലായിരുന്നു 20 അടി ഉയരമുള്ള ബലൂണ്‍ സ്ഥാപിച്ചിരുന്നത്. പക്വതയും വിവേകവുമില്ലാത്ത രാഷ്ട്രത്തലവനാണ് ട്രംപ് എന്ന് കാണിക്കാന്‍ വേണ്ടി ഓറഞ്ച് നിറത്തില്‍, ഡയപ്പര്‍ കെട്ടി, മൊബൈലും പിടിച്ചാണ് ബേബി ട്രംപ് എന്ന കോമാളി ബലൂണ്‍ സ്ഥാപിച്ചത്.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയമാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. ലണ്ടനിലാണ് ട്രംപിനെതിരെയുളള പ്രതിഷേധ ബലൂണ്‍ ആദ്യം ഉയര്‍ന്നത്. പിന്നീട് ട്രംപ് സന്ദര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ ബേബി ട്രംപ് ബലൂണ്‍ പറത്തുന്നുണ്ട്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.