ബിപിസിഎൽ സ്വകാര്യവൽക്കരണം; സമര പ്രഖ്യാപന കൺവന്‍ഷന്‍ 15ന് | Kerala | Deshabhimani


കൊച്ചി > ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) സ്വകാര്യവൽക്കരണത്തിനെതിരെ ട്രേഡ് യൂണിയൻ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും. 17ന് ബിപിസിഎല്ലിന് മുന്നിലൊരുക്കിയ സമരപ്പന്തലിൽ റിലേ സത്യഗ്രഹം ആരംഭിക്കും.

സാമ്പത്തിക പ്രതിസന്ധിമൂലമാണ് ബിപിസിഎൽ വിൽക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സിഐടിയു അഖിലേന്ത്യാസെക്രട്ടറി കെ ചന്ദ്രൻപിള്ള പറഞ്ഞു. ബിജെപി സർക്കാർ 2003ൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പൊതുമേഖല എണ്ണക്കമ്പനികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇടപെടുകയും പൊതുമേഖലാ എണ്ണക്കമ്പനികൾ സ്വകാര്യവൽക്കരിക്കുമ്പോൾ പാർലമെന്റിന്റെ അനുമതി വേണമെന്ന് വിധിക്കുകയും ചെയ്തു. 2016ൽ മോഡിസർക്കാർ പാർലമെന്റിന്റെ അനുമതി വേണമെന്ന നിയമം റദ്ദാക്കിയതിലൂടെ എണ്ണക്കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനും പശ്ചാത്തലമൊരുക്കി.

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കുകൾ പ്രകാരം 2040 ആകുമ്പോഴേക്കും ഇന്ത്യയുടെ എണ്ണ ഉപഭോഗം പ്രതിദിനം  9.7 ലക്ഷം ബാരലാകും. ഇത് മനസ്സിലാക്കി കുത്തക ഭീമന്മാർക്ക് പൊതുമുതൽ നൽകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയൻ കോ–-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ കെ ഇബ്രാഹിംകുട്ടി, കൺവീനർ സി കെ മണിശങ്കർ, വി പി ജോർജ്, ജേക്കബ് സി മാത്യു, മോഹൻകുമാർ, എം ജി അജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.