ഫൊക്കാന സമ്മേളനത്തിന് ഒരുക്കമായി | FOKANA Kerala conference to beging on 21 August

Abroad

-Staff

  • By Staff

തിരുവനന്തപുരം: കോവളത്ത് ഓഗസ്റ് 21 വ്യാഴാഴ്ച തുടങ്ങുന്ന ഫൊക്കാന (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) അന്തര്‍ദേശീയ സമ്മേളനത്തിന് ഒരുക്കങ്ങളായി.

1200 ാളം പ്രതിനിധികളാണ് രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അമേരിക്കയില്‍നിന്നും കേരളത്തില്‍നിന്നും ഉള്ളവരാണ് പ്രതിനിധികള്‍.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജ് കോശി, ജനറല്‍ സെക്രട്ടറി മാത്യു ചരുവില്‍, കേരള കോ-ഓര്‍ഡിനേറ്റര്‍ എബി കുര്യാക്കോസ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

വ്യാഴാഴ്ച രാവിലെ ഭാഷാസമ്മേളനത്തോടെ പരിപാടികള്‍ തുടങ്ങും. എം എം ഹസനാണ് ഉത്ഘാടകന്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി എംപി അദ്ധ്യക്ഷനായിരിയ്ക്കും.ഭാഷയ്ക്ക് ഒരു ഡോളര്‍ പ്രകാരമുള്ള പുരസ്കാരങ്ങള്‍ ഈ സമ്മേളനത്തില്‍ വിതരണം ചെയ്യും.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സ്ത്രീവേദി സമ്മേളനം നടക്കും. ഡോ. സതി നായര്‍ (അമേരിക്ക) നേതൃത്വം നല്‍കും. ജേക്കബ് പുന്നൂസ് ഐപിഎസ് പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 3.30-ന് അന്തര്‍ദേശീയ സമ്മേളനം മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. മലയാളഭാഷ ലോകത്ത് എവിടെയും പഠിക്കാനുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഫൊക്കാന പ്രസിഡന്റ് ജോര്‍ജ് കോശി അധ്യക്ഷനായിരിക്കും. കര്‍ണാടകത്തിലെ മലയാളി മന്ത്രി ടി. ജോണ്‍, യു.ഡി.എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മേയര്‍ പ്രഫ. ജെ. ചന്ദ്ര, നീലലോഹിതദാസന്‍നാടാര്‍ എംഎല്‍എ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും.

വൈകുന്നേരം ഏഴിന് കലാസന്ധ്യക്ക് എം.ജി. രാധാകൃഷ്ണനും, ഷാജിയെമ്മും നേതൃത്വം നല്‍കും. സിനിമാതാരങ്ങളായ മധു, ശ്രീവിദ്യ, ദിലീപ്, മഞ്ജുവാര്യര്‍, ദിവ്യ ഉണ്ണി, നവ്യാ നായര്‍, പൃഥ്വിരാജ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍, പ്രശസ്ത സംവിധായകരായ ജോഷി, സത്യന്‍ അന്തിക്കാട് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

22 വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വ്യവസായ നിക്ഷേപ ബോധവത്കരണ സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി. കാര്‍ത്തികേയന്‍, ടി.എം. ജേക്കബ്, ചെര്‍ക്കളം അബ്ദുള്ള, വ്യവസായപ്രമുഖന്‍ ജാവേദ് ഹസന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.

ഉച്ചയ്ക്ക് 12-ന് ആരോഗ്യപരിലാന സമ്മേളനത്തിന്റെ ഉത്ഘാടകന്‍ ആരോഗ്യമന്ത്രി പി. ശങ്കരനാണ്. ഡോ. രേഖാ മേനോന്‍ (ന്യൂജഴ്സി), ആനി പോള്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ നേതൃത്വം നല്‍കും.

ഉച്ചകഴിഞ്ഞ് മൂന്നിന് സമാപനസമ്മേളനം ആരംഭിക്കും. വിവിധ സമ്മേളനങ്ങളില്‍ മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, പി.കെ. വാസുദേവന്‍നായര്‍, എംപിമാരായ വി.എം. സുധീരന്‍, രമേശ് ചെന്നിത്തല, എന്‍.കെ. പ്രേമചന്ദ്രന്‍, വി.എസ്. ശിവകുമാര്‍, മുന്‍ കേന്ദ്രമന്ത്രി പ്രഫ.പി.ജെ. കുര്യന്‍, എംഎല്‍എമാരായ കെ.സി. ജോസഫ്, ബിനോയ് വിശ്വം തുടങ്ങിയവര്‍ പങ്കെടുക്കും.

രാത്രി ഏഴിന് കലാപരിപാടികള്‍ മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. സംവിധായകനായ വിജി തമ്പി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.


Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.