പ്ലാസ്റ്റിക് മാലിന്യം കളയേണ്ട, ഇതുപോലെ മനോഹരമാക്കാം വീടും പരിസരവും


പരമാവധി ഉപയോഗിക്കാതിരിക്കുക, ഉപയോഗിച്ചവയാണെങ്കില്‍ വീണ്ടും ഉപയോഗിക്കുക, പുനചംക്രമണം ചെയ്യുക. പ്ലാസ്റ്റിക്കില്‍ നിന്ന് പരിസ്ഥിതിയെ രക്ഷിക്കാന്‍ ഇങ്ങനെയൊക്കെയേ ചെയ്യാന്‍ കഴിയൂ. എല്ലാവരും ഇത് പിന്തുടരുകയാണെങ്കില്‍ ഫലം നമ്മള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും. പശ്ചിമ ബംഗാളിലെ മിഡ്‍നാപൂരിലെ ഈ 37 -കാരനായ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പപന്‍ മൊഹന്ത ചെയ്യുന്നതും ഇതാണ്. പ്ലാസ്റ്റിക്കുകള്‍ വീണ്ടും വീണ്ടും ഉപയോഗപ്പെടുത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക. 2016 മുതല്‍ പപന്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നുണ്ട്.

”ആദ്യമായി ഇവിടെ പോസ്റ്റിങ്ങ് കിട്ടിയപ്പോള്‍ ഞാന്‍ കണ്ടത് മാലിന്യങ്ങളെല്ലാം അവിടവിടെ വലിച്ചെറിഞ്ഞതായിട്ടാണ്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എനിക്ക് കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്ന ഒരിടത്തേക്ക് വരാനും ആ സ്ഥലം മറ്റുള്ളവരേക്കൂടി ആകര്‍ഷിക്കുന്നതുമായിരുന്നു ഇഷ്ടം.” പപന്‍ പറയുന്നു. താനെവിടെയൊക്കെ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ ആ പരിസരമെല്ലാം മനോഹരമാക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 

എന്താണ് പപന്‍ ചെയ്തത്?
തനിക്ക് ചുറ്റും സുഹൃത്തുക്കളും അയല്‍ക്കാരും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളെല്ലാം അയാള്‍ ശേഖരിച്ചു. അതിലെല്ലാം പലവിധത്തിലുള്ള ചെടികള്‍ നട്ടു. ചെറുതായി തുടങ്ങിയതാണെങ്കിലും അവ അയാളുടെ താമസസ്ഥലത്തെ അതിമനോഹരമാക്കി. 1500 പ്ലാസ്റ്റിക് ബോട്ടിലുകളാണ് അയാള്‍ ചെടി നടാനും അലങ്കരിക്കാനുമായി ഉപയോഗിച്ചത്. അതിന്‍റെ ഭംഗി കണ്ടതോടെ അയല്‍ക്കാരും സുഹൃത്തുക്കളുമെല്ലാം ഇതുതന്നെ ചെയ്തു തുടങ്ങി. 

ഒപ്പംതന്നെ അടുത്തുള്ള സ്കൂളുകളിലും പപന്‍ പോയി. വിദ്യാര്‍ത്ഥികളോട് പ്ലാസ്റ്റിക്ക് പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയും ഇങ്ങനെ പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും പറഞ്ഞുനല്‍കി. ഒപ്പം പപനുണ്ടാക്കിയിരിക്കുന്ന പൂന്തോട്ടം കാണാന്‍ വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയും ചെയ്യുന്നു. ഈ മനോഹരമായ പൂക്കളിങ്ങനെ വളര്‍ന്നു നില്‍ക്കുന്നതിന് സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ അഞ്ച് വയസ്സുള്ള മകനും കൂടെയുണ്ടായിരുന്നു.

പ്ലാസ്റ്റിക് ബോട്ടിലുകള്‍ മാത്രമല്ല, ഉപയോഗശൂന്യമായ ടയറുകളടക്കമുള്ളവ ഇങ്ങനെ ചെടികള്‍ വളര്‍ത്താനും മറ്റുമായി പപന്‍ ഉപയോഗപ്പെടുത്തുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ന് കിട്ടുന്ന പ്രോത്സാഹനം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമാകുന്നുവെന്നും പപന്‍ പറയുന്നു. അപ്പോഴിനി ബോട്ടിലുകളൊന്നും കളയേണ്ടതില്ല. ഇങ്ങനെ ചെടികള്‍ വളര്‍ത്താം. 

Last Updated 7, Sep 2019, 5:02 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.