പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ദില്ലിയില്‍ നിന്നൊരു കൈത്താങ്ങ്; ഇന്‍ഡ്യ ഇന്‍ക് ഫോര്‍ കേരള നിര്‍മ്മിച്ച് നല്‍കിയത് 17 വീടുകള്‍ l KAIRALINEWSONLINE.COM |


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ദില്ലിയില്‍ നിന്നൊരു കൈത്താങ്ങ്. ദില്ലി മലയാളികളും ഉത്തരേന്ത്യക്കാരും ഉള്‍പ്പെട്ട സ്വകാര്യ സംഘടന ഇന്‍ഡ്യ ഇന്‍ക് ഫോര്‍ കേരളയാണ് എറണാകുളത്ത് വീട് നഷ്ടപ്പെട്ട 17 കുടുംബങ്ങള്‍ക്ക് പുത്തന്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സംഘടന വീടുകള്‍ നിര്‍മ്മിച്ചു കൈമാറിയത്.

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന ഇന്‍ഡ്യ ഇന്‍ക് ഫോര്‍ കേരളയുടെ ആഗ്രഹമാണ് 17 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതിലൂടെ യാഥാര്‍ഥ്യമായത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സംഘടന സംസ്ഥാന സര്‍ക്കാരിനെ സന്നദ്ധതയറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയില്‍ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റ് കളക്ടറുടെ നിര്‍ദേശ പ്രകാരം വില്ലേജോഫീസില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചു. നാട്ടിലെ തൊഴിലാളികളെ ഉപയോഗിച്ച്തന്നെ അതിവേഗം 17 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കാനായെന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം കവിതാ നാരായണന്‍ പറഞ്ഞു.

പുത്തന്‍വേലിക്കരയില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനച്ചടങ്ങ് നടന്നത്. അഞ്ചര ലക്ഷം വീതം മുടക്കി 450 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മ്മിച്ചത്.

വീട് ലഭിച്ചതിലുള്ള സന്തോഷം കുടുംബങ്ങള്‍ പങ്കുവെച്ചു. വീടുകള്‍ക്ക് പുറമെ പ്രളയത്തില്‍ തകര്‍ന്ന പ്രൈമറി സ്‌ക്കൂളും സംഘടന പുനര്‍നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.