പ്രതി തെളിവ് നല്‍കുമെന്ന് പൊലീസ് പ്രതീക്ഷിക്കരുത്: ഹൈക്കോടതി | Kerala | Deshabhimaniകൊച്ചി

സത്യം തെളിയിക്കാൻ പ്രതി തെളിവ് നൽകുമെന്ന് പൊലീസ് പ്രതീക്ഷിക്കരുതെന്ന് ഹൈക്കോടതി. മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന പൊലീസ് വാദത്തിന് മറുപടിയായാണ് കോടതി ഇക്കാര്യം പറഞ്ഞത്.

കേസ്‌ അന്വേഷണവും തെളിവ് ശേഖരണവുമെല്ലാം ശാസ്ത്രീയമാക്കേണ്ടതിന്റെ ആവശ്യത്തിൽ ഊന്നിയുള്ള മുൻ ഉത്തരവുകൾ പാലിക്കാതെ അന്വേഷണത്തിലെ അപാകതയെ കുറിച്ച് വിലപിച്ചിട്ട് എന്ത് പ്രയോജനമെന്നും ജസ്റ്റിസ് വി രാജാ വിജയരാഘവൻ ചോദിച്ചു.  ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ്‌ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ്‌ അദ്ദേഹം ഇക്കാര്യങ്ങൾ ചുണ്ടിക്കാട്ടിയത്‌. തലസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തുനിന്ന് കല്ലെറിഞ്ഞാലെത്തുന്ന ദൂരത്താണ് അപകടം നടന്നത്. കേസെടുത്തത്‌ മുതൽ ക്രമരഹിതവും മോശവുമായ അന്വേഷണമാണ് നടന്നത്. മദ്യപിച്ചു വണ്ടിയോടിച്ചെന്ന കുറ്റം തെളിയിക്കാൻ ശ്വാസപരിശോധന നിർബന്ധമാണ്. എന്നാൽ, പരിശോധന വൈകിയതിന് പൊലീസ് പറയുന്ന ന്യായങ്ങൾക്ക് അടിത്തറയില്ല. ജില്ലകൾതോറും രാസ പരിശോധനാ ലാബുകൾ സ്ഥാപിക്കണമെന്ന ഉത്തരവുകൾ പാലിച്ചിട്ടില്ല. അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കി പ്രതികളെ ശിക്ഷിക്കാൻ പൊലീസിന് പ്രത്യേക പദ്ധതിയുണ്ടാകണം. അന്വേഷണഘട്ടത്തിൽ മികച്ച രീതിയിലുള്ള ഏകീകരണം വേണം. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച മാത്രമല്ല, അവർക്ക് മതിയായ പരിശീലനം ലഭിക്കാത്തതും അന്വേഷണം ഫലപ്രദമാകാത്തതിന് കാരണമാണ്. അന്വേഷണത്തിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിർദേശം പാലിക്കാത്തതിന്റെ ഉദാഹരണമാണ് ഈ കേസെന്നും കോടതി ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.