പ്രകൃതിയുടെ വരും നാളുകളെ ഓര്‍മ്മിപ്പിച്ച് ‘നാളെ’; മൂന്ന് മിനുറ്റില്‍ ഒരു മനോഹര ചിത്രം l KAIRALINEWSONLINE.COM |


പ്രകൃതിയിലേക്ക് തുറന്നു വെച്ച കിളിവാതില്‍ പോലുള്ള ചിത്രമാണ് സുദീപ് നാരായണന്‍ സംവിധാനം ചെയ്ത ‘നാളെ.’ മൂന്ന് മിനിറ്റിനുള്ളില്‍ സംക്ഷിപ്തമാക്കി അവതരിപ്പിച്ച മനോഹരമായൊരു പരിസ്ഥിതി ചിത്രം. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള കേവല വാചലത കൊണ്ടല്ല, പ്രകൃതിയിലെ തന്നെ സൂക്ഷ്മ ചിത്രങ്ങളിലൂടെയാണ് ഈ സിനിമ വലിയൊരു സന്ദേശം പകരുന്നത്. വരാന്‍ പോകുന്ന വലിയൊരു വിപത്തിലേക്ക് കണ്‍തുറക്കാന്‍ പ്രേരിപ്പിക്കുന്നത്. കലാമികവാര്‍ന്ന ദൃശ്യ ചിത്രീകരണം, റീയലിസ്റ്റിക്കും മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ ആവിഷ്‌കാരം, പുതുമായാര്‍ന്ന കഥാപാത്ര ചിത്രീകരണം എന്നിവ കൊണ്ടെല്ലാം ഈ ഹ്രസ്വ ചിത്രം കൈയ്യടി നേടുന്നു.

അമ്പത് വര്‍ഷം കഴിഞ്ഞാലുള്ള മനുഷ്യന്റെ മാറ്റം അറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്പിന്റെ പശ്ചാത്തലത്തില്‍ അത്രയൊന്നും കാലം കാത്തിരിക്കേണ്ടതില്ലാത്ത പ്രകൃതിയുടെ ദുരന്തത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.കേരളത്തിന്റെ പ്രളയത്തിന്റെയും പ്രകൃതി ദുരന്തത്തിന്റെയും കാലത്ത് വളരെ പ്രസക്തമായ പ്രമേയം. എത്ര വേണമെങ്കിലും വിശദമാക്കാവുന്ന പ്രതിപാദ്യമാണ് മഞ്ഞുകണത്തിലെ സൂര്യനെപ്പോലെ ഈ സിനിമ സമാഹരിച്ചിരിക്കുന്നത്. അതീവ ലളിതമായ ആവിഷ്‌കരണത്തിലൂടെ സങ്കീര്‍ണ്ണമായൊരു പാരിസ്ഥിതിക വിഷയം വലിയ വെല്ലുവിളികളോടെ ഏറ്റെടുത്ത് കലാപരമായി വിജയം നേടിയാതാണ് ഈ ചിത്രം. പച്ചപ്പിന്റെ നെഞ്ചും ഹൃദയവും മാന്തിയെടുത്ത ഒരു കുന്നിന്റെ അവസാനത്തെ ഒറ്റ ഫ്രെയ്മിലാണ് ഈ ചിത്രം അവസാനിക്കുന്നത്. അതുവരെയും കാണുന്ന നിര്‍മ്മലമായ പച്ചപ്പിന്റെ മനോഹാരിതയില്‍ നിന്ന് പൊടുന്നനെ ആഘാതം പോലെ കാണിക്കുന്ന ആ അവസാന ഫ്രെയിം തന്നെയാണ് ഈ ചിത്രത്തിന്റെ മുന്നറിയിപ്പ്.

മലയാളത്തിലെ ന്യൂജന്‍ സിനിമയുടെ പാത പിന്തുടരുന്ന ന്യൂജന്‍ ഷോര്‍ട്ട് ഫിലിമുകളുടെ നിരയില്‍ എന്തുകൊണ്ടും ഉയര്‍ന്നു നില്‍ക്കുന്നു സുദീപ് നാരായണന്റെ നാളെ. വൈശാഖ്, സതീഷ് കണ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍. രണ്ടു പേരും ഗംഭീരമാക്കി. വൈശാഖ് അവതരിപ്പിച്ച കഥാപാത്രം പ്രത്യേകം കൈയ്യടി അര്‍ഹിക്കുന്നു. ആദര്‍ശ് സദാനന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റും. സൗണ്ട് ഡിസൈന്‍ അരുണ്‍. ഇക്കഴിഞ്ഞ കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടി. മികച്ച ചിത്രം, സംവിധാനം, നടന്‍, എഡിറ്റ്, ക്യാമറ, ബിജിഎം, സൗണ്ട് മിക്‌സിംഗ് തുടങ്ങി എട്ട് സുപ്രധാന പുരസ്‌കാരങ്ങളും ഈ ചിത്രം കരസ്ഥമാക്കി. സംവിധായകന്‍ സുദീപ് നാരായണന്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്.

‘നാളെ’യുടെ യൂടൂബ് ലിങ്ക് ചുവടെ:

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.