പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റ്‌ പണിതത്‌ 17.5 സെന്റ്‌ കായൽ നികത്തി | Kerala | Deshabhimani


കൊച്ചി > തീരപരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാല്‌ ഫ്ലാറ്റുകളിൽ ഒന്നായ ആൽഫ സെറീൻ നിർമിച്ചത്‌ 17.5 സെന്റ്‌ കായൽ നികത്തി. റവന്യൂ രേഖകളിൽ കായലായിരുന്ന ഈ ഭാഗം ഫ്ലാറ്റ്‌ നിർമാണത്തിനായി കൈയേറിയെന്ന്‌ സർവേ വിഭാഗം നടത്തിയ അളവെടുപ്പിൽ വ്യക്തമായി. ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ നിർമിക്കാനും കായൽ നികത്തിയതായി കണ്ടെത്തിയിട്ടുണ്ട്‌.

ഫ്ലാറ്റ്‌ വിൽപ്പനയിലെ ക്രമക്കേട്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം ആവശ്യപ്പെട്ടതനുസരിച്ച്‌ ജില്ലാ സർവേ ഡെപ്യൂട്ടി ഡയറക്ടർ നിയോഗിച്ച ഉദ്യോഗസ്ഥർ നടത്തിയ സർവേയിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. സർവേ റിപ്പോർട്ട്‌ തിങ്കളാഴ്‌ച ക്രൈംബ്രാഞ്ചിന്‌ കൈമാറും.

ക്രമക്കേട്‌ കണ്ടെത്തിയ രണ്ടെണ്ണത്തിനു പുറമേ ജെയിൻ കോറൽ കേവ്‌ ഫ്ലാറ്റിലും സർവേ നടത്തിയെങ്കിലും കായൽ നികത്തിയതായി കണ്ടെത്തിയിട്ടില്ല. നാല്‌ ഫ്ലാറ്റുകളിൽ മൂന്നെണ്ണത്തിന്റെ വിൽപ്പനയിലെ ക്രമക്കേടാണ്‌ ക്രൈബ്രാഞ്ച്‌ അന്വേഷിക്കുന്നത്‌. ഉടമകളുടെ പരാതിയിലാണ്‌ അന്വേഷണം.

മരട്‌ പഞ്ചായത്തായിരിക്കേ ഫ്ലാറ്റുകൾക്ക്‌ നിർമാണാനുമതി നൽകിയ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. വഴിവിട്ട്‌ നിർമാണാനുമതി നൽകിയതു സംബന്ധിച്ച്‌ തൃപ്‌തികരമായ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർക്ക്‌ കഴിഞ്ഞിട്ടില്ലെന്നാണ്‌ വിവരം. അന്നത്തെ പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌ 2007ൽ കൈക്കൂലിക്കേസിൽ വിജിലൻസ്‌ പിടിയിലാകുകയും ഇയാളെ കോടതി  ശിക്ഷിക്കുകയും ചെയ്‌തിരുന്നു. അഷ്‌റഫിനെ പിന്നീട്‌ സർവീസിൽനിന്ന്‌ നീക്കി. വിചാരണയ്‌ക്കുശേഷം തടവുശിക്ഷ വിധിച്ച ഇയാൾ 2017ലാണ്‌ ജയിൽമോചിതനായത്‌. ഇയാളെയും അന്നത്തെ ജൂനിയർ സൂപ്രണ്ട്‌, ഫയൽ കൈകാര്യം ചെയ്‌ത സെക്‌ഷൻ ക്ലർക്ക്‌, പിന്നീട്‌ ചുമതല വഹിച്ച ഉദ്യോഗസ്ഥരിൽ ചിലർ എന്നിവരെയും ക്രൈംബ്രാഞ്ച്‌ വിശദമായി ചോദ്യം ചെയ്‌തു. ഫയൽ കൈകാര്യം ചെയ്‌ത ഉദ്യോഗസ്ഥർ ക്രമക്കേട്‌ നടന്നിട്ടില്ലെന്ന നിലപാടാണ്‌ ചോദ്യം ചെയ്യലിൽ സ്വീകരിച്ചത്‌. വർഷങ്ങൾ പഴക്കമുള്ളതിനാൽ കൃത്യമായ ഓർമയില്ലെന്ന്‌ പലരും ക്രൈംബ്രാഞ്ചിനോട്‌ പറഞ്ഞെങ്കിലും രേഖകൾ നിരത്തി ഈ വാദങ്ങൾ അന്വേഷണസംഘം പൊളിച്ചു. കേസിൽ പരാതിക്കാരുൾപ്പെടെ ആറ്‌ഫ്ലാറ്റ് ഉടമകളുടെ മൊഴിയും ക്രൈംബ്രാഞ്ച്‌ രേഖപ്പെടുത്തി. മൂന്ന്‌ ഫ്ലാറ്റുകളിലെയും മുഴുവൻ ഉടമകളുടെയും മൊഴിയെടുക്കും. ഇത്‌ വരുംദിവസങ്ങളിലും തുടരും.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.