പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും; 33 പേർ ഇനിയും മണ്ണിനടിയിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. മഴ വന്‍ ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും കാണാതായവർക്ക് വേണ്ടിയുളള ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ 26 പേരെയും പുത്തുമലയിൽ ഏഴുപേരെയും ഇനിയും കണ്ടെത്തിയില്ല. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ഏഴരയോടെ തുടങ്ങും. പുത്തുമലയിൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചിൽ നടത്തും.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പൻകുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ് ഉൾപ്പെട്ടത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവിൽ 31 പേരെയാണ് ആകെ കണ്ടെത്താനായത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കമല (55), സുകുമാരൻ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 33 ആയി. ഇനി 26 പേരെയാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുള്ളത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിക്കും. 

അതിശക്തമായ മണ്ണിടിച്ചില്‍ ദുരന്തം വിതച്ച് ഒരാഴ്ചയാവുമ്പോഴും പുത്തുമലയിൽ ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. തുടർച്ചയായ നാല് ദിവസവും പുത്തുമലയിൽ നിന്ന് ആരെയും കണ്ടത്താനായില്ല. മണ്ണിനടിയിൽ പെട്ടവരെ കാണാൻ ഇടയുള്ള സ്ഥലങ്ങളുടെ ഭൂപടം തയാറാക്കിയാണ് തെരച്ചിൽ നടത്തുന്നത്. മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്.

Last Updated 16, Aug 2019, 6:57 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.