പി എസ് സി പരീക്ഷ; ഒക്ടോബര്‍ 26 ന് ഇടുക്കിയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റി വെച്ചു


ഇടുക്കി: ഒക്ടോബര്‍ 26 ന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മാറ്റിവെച്ചു. പി എസ് സി പരീക്ഷയും ദീപാവലിയും പ്രമാണിച്ചാണ് ഹര്‍ത്താല്‍ മാറ്റിവെച്ചതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ വ്യക്തമാക്കി. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. റവന്യു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഉത്തരവുകള്‍ പിന്‍വലിക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം.

ഇടുക്കി ജില്ലയ്ക്ക് മാത്രമായി 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമെ ഭൂമി ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

കൃഷിയ്ക്കായി നല്‍കിയ പട്ടയഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങളോ വ്യാപാരസ്ഥാപനങ്ങളോ തുടങ്ങാന്‍ കഴിയില്ല. പുതിയ ഉത്തരവ് പ്രകാരം പട്ടയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വില്ലേജ് ഓഫീസറുടെ എന്‍ഒസിയും ആവശ്യമാണ്.

എന്നാല്‍ കുടിയേറ്റക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. അതേസമയം ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതിനെതിരെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവില്‍ പ്രതിഷേധിച്ച് കളക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.