പിഎസ്‍സി പരീക്ഷാ ക്രമക്കേടുകൾ തടയാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്


തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുകൾ തടയാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്. മൊബൈൽ ഫോൺ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളില്‍ കടത്താതിരിക്കാൻ ശാരീരിക പരിശോധന നടത്തണമെന്നും പിഎസ് സിക്ക് ക്രൈംബ്രാഞ്ചിന്റെ ശുപാർശ. ഉദ്യാഗാർത്ഥികൾക്ക് സമയമറിയാൻ പരീക്ഷാ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശം.

പിഎസ്‍സി ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മൂന്നുപേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നുമുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് പിഎസ്‍സി ക്രമക്കേടുകള്‍ തടയാന്‍ പുതിയ ശുപാര്‍ശകള്‍ ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്. എഡിജിപി ടോമിൻ തച്ചങ്കരിയാണ് പിഎസ് സിക്ക് ശുപാർശകള്‍ നൽകിയത്. മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളില്‍ കടത്താതിരിക്കാൻ ശാരീരിക പരിശോധന നടത്തണം. പരീക്ഷാ ഹാളില്‍ വാച്ച് നിരോധിക്കണം. സമയമറിയൻ പരീക്ഷാ ഹാളിൽ ക്ലോക്കുകൾ സ്ഥാപിക്കണം.

ആൾമാറാട്ടവും കോപ്പിയടിയും തടയാൻ സിസിടിവി സ്ഥാപിക്കണമെന്നും പരീക്ഷ പേപ്പറുകൾ മടക്കി കൊടുമ്പോൾ ഉദ്യോഗസ്ഥർ സിസിടിവി ഹാർഡ്‌ ഡിസ്ക്കും സീൽ ചെയ്ത് മടക്കി നൽകണമെന്നും ശുപാർശയുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ മൊബൈൽ ജാമർ സ്ഥാപിക്കണം. പരീക്ഷകൾ ഓൺലൈൻ ആക്കാൻ നടപടി വേണം. ഉയർന്ന തസ്തികളിൽ എഴുത്ത് പരീക്ഷകൂടി ആവശ്യമാണ്. ആൾമാറാട്ടം കയ്യക്ഷരത്തിലൂടെ കണ്ടെത്താൻ ഇത് സഹായകരമാകും എന്നിങ്ങനെ പോകുന്നു ടോമിൻ തച്ചങ്കരിയുടെ ശുപാർശകൾ.

ഓൺലൈൻ പരീക്ഷ നടത്തുമ്പോൾ പോർട്ടബിൽ വൈഫൈ ആവശ്യമാണെന്നും ക്രൈംബ്രാഞ്ചിന്‍റെ ശുപാര്‍ശയിലുണ്ട്. ശുപാർശകൾ നിലവിൽ വരുന്നതോടെ പിഎസ് സിയിലെ ക്രമക്കേടുകൾ തടയാനാകുമെന്നാണ് ക്രൈംബ്രാഞ്ച് നിരീക്ഷണം. മൂന്ന് പ്രതികളൊഴികെ മറ്റാരും പിഎസ്‍സി ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. ഇതോടെ മരവിപ്പിച്ച റാങ്ക് പട്ടികയിൽ നിന്നുള്ള നിയമന നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് പിഎസ്‍സി. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തും നസീമും പ്രണവും അല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട്.

പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും പിഎസ്‍സിക്ക് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.