‘പിഎസ്‍സിയില്‍ ഞെട്ടിക്കുന്ന നിയമന കുഭകോണം’; ഗവര്‍ണര്‍ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി


തിരുവനന്തപുരം: പി എസ് സിയില്‍ നിന്നും വീണ്ടും നിയമനകുംഭകോണത്തിന്‍റെ  ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു വിവരങ്ങളാണു പുറത്തു വരുന്നതെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളായ ചീഫ് (പ്ലാന്‍ കോ ഓര്‍ഡിനേഷന്‍), ചീഫ് (ഡിസെന്‍ട്രലൈസ്ഡ് പ്ലാനിംഗ്), ചീഫ് (സോഷ്യല്‍ സര്‍വീസസ്) എന്നീ  സുപ്രധാന തസ്തികകളില്‍ എഴുത്തുപരിക്ഷയ്ക്ക് കുറഞ്ഞ മാര്‍ക്കു ലഭിച്ച മൂന്നൂ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവിന് വളരെ ഉയര്‍ന്ന മാര്‍ക്കു നല്കി വന്‍ തട്ടിപ്പാണു നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവര്‍ ഇടത് അനുകൂലസംഘടനയായ കെജിഒഎയുടെ നേതാക്കളാണെന്നും മുല്ലപ്പള്ളി ചൂണ്ടികാട്ടി.

മുല്ലപ്പള്ളിയുടെ വാക്കുകള്‍

എഴുത്തുപരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കു ലഭിച്ച സാധാരണ ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവില്‍ കുറഞ്ഞ മാര്‍ക്കു നല്കി പുറത്താക്കിയാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റിയത്.  നിയമപ്രകാരം പരമാവധി 200 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയില്‍ 28 മാര്‍ക്കാണ് അഭിമുഖത്തിന് നല്കാവുന്നത്. അതും ഏറ്റവും പ്രഗത്ഭരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്. എന്നാല്‍ മൂന്നു വിഷയത്തിലും മാര്‍ക്കു കുറഞ്ഞ സിപിഎം അനുഭാവികളായ ഉദ്യോഗാര്‍ത്ഥികളെ 32, 36, 38 എന്നീ ക്രമത്തില്‍ മാര്‍ക്കു നല്കി റാങ്ക് ലിസ്റ്റില്‍ ഒന്നാമത് എത്തിച്ചു. സോഷ്യല്‍ സര്‍വീസ് എഴുത്തുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ( 91 )  ലഭിച്ച  ഉദ്യോഗാര്‍ത്ഥിയെ വെറും 11 മാര്‍ക്കു നല്കി ജോലി നിഷേധിച്ചു. മറ്റു റാങ്ക് ലിസ്റ്റുകളിലും എഴുത്തു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയവര്‍ പുറത്തായി.

മൂന്നു റാങ്ക് ലിസ്റ്റിലെയും ആദ്യ മൂന്നു റാങ്കുകള്‍ സിപിഎം അനുകൂലികളായ ഈ ഉദ്യോഗാര്‍ത്ഥികള്‍ വീതംവച്ചെടുക്കുകയാണു ചെയ്തത്.  89000- 1,20,000 ആണ്  മൂന്നു തസ്തികയിലെയും അടിസ്ഥാന ശമ്പളം. പി.എസ്.സി. ചെയര്‍മാന്‍ അധ്യക്ഷനായ ഏഴംഗ ഇന്റര്‍വ്യൂ ബോര്‍ഡാണ് പ്ലാനിംഗ് ബോര്‍ഡിലെ ഈ ഉന്നത തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നടത്തിയത്. പിഎസ് സി ചെയര്‍മാന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്ന ഈ വന്‍ പരീക്ഷാകുംഭകോണത്തെക്കുറിച്ച് അന്വഷിക്കാന്‍ ഗവര്‍ണര്‍ ഉടനടി ഇടപെടണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു .

നേരത്തെ യൂണിവേഴ്‌സിറ്റി കോളജില്‍ കുത്തു കേസിലെ പ്രതികള്‍ വന്‍ തിരിമറിയിലൂടെ  പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ് സിപരീക്ഷയില്‍ ഒന്നും രണ്ടും 28 ഉം റാങ്ക് നേടിയത് വിവാദമായിരുന്നു.കേരളത്തിലെ 35 ലക്ഷത്തിലധികം തൊഴിലന്വേഷികളെ പിണറായി സര്‍ക്കാര്‍ നിസഹായരാക്കി സര്‍ക്കാര്‍ ജോലികള്‍ ഇഷ്ടക്കാര്‍ക്കും പാട്ടിക്കാര്‍ക്കും വീതിച്ചു നല്‍കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Last Updated 12, Oct 2019, 7:38 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.