പിഎസ്‌സി പരീക്ഷാതട്ടിപ്പ്; പ്രതികള്‍ക്ക് നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാതട്ടിപ്പ് കേസ് പ്രതികള്‍ക്ക് നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്. നസീമിനും ശിവരഞ്ജിത്തിനും നുണപരിശോധനയ്ക്കായി കോടതിയില്‍ അപേക്ഷ നല്‍കി. ഇതിനിടെ മുഖ്യപ്രതികളായ പി.പി. പ്രണവും സഫീറും തിരുവനന്തപുരത്ത് കോടതിയില്‍ കീഴടങ്ങി. ഒളിവിലായിരുന്ന ഇരുവരും അറസ്റ്റ് ഒഴിവാക്കാനായി കോടതി മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. കോടതി ഓണാവധിക്ക് പിരിയുന്നതിന് തൊട്ടുമുന്‍പ് കീഴടങ്ങിയതിനാല്‍ മുഖ്യപ്രതിയായ പ്രണവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന് ഒരാഴ്ചയോളം കാത്തിരിക്കേണ്ടിവരും. പ്രതികളായ നസീമിനും ശിവര‍ഞ്ജിത്തിനും നുണപരിശോധന നടത്താന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. 

ഉച്ചയ്ക്ക് ശേഷം കോടതി നടപടികള്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് രണ്ടാം പ്രതിയായ പ്രണവും നാലാം പ്രതി സഫീറും കോടതിമുറിയിലേക്ക് ഓടിക്കയറിത്. കീഴടങ്ങിയ വിവരം കോടതി തന്നെ അന്വേഷണസംഘത്തെ വിളിച്ചറിയിക്കുകയും ഇരുവരെയും ഇരുപത് വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. തട്ടിപ്പ് നടന്ന പി.എസ്.സി പട്ടികയിലെ രണ്ടാം റാങ്കുകാരാനാണ് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയംഗമായിരുന്നു പ്രണവ്. 

തട്ടിപ്പിന്റെ മുഖ്യആസൂത്രണം പ്രണവാണെന്നാണ് നസീമും ശിവരഞ്ചിത്തും ഗോകുലുമെല്ലാം മൊഴി നല്‍കിയിരിക്കുന്നത്. പ്രണവ് ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥിയാണ് ചോദ്യപേപ്പര്‍ എത്തിച്ച് നല്‍കിയതെന്നും മൊഴിയുണ്ട്. അതുകൊണ്ട് തന്നെ പ്രണവിനെ ചോദ്യം ചെയ്താല്‍ മാത്രമേ ചോദ്യപേപ്പര്‍ എങ്ങിനെ ചോര്‍ന്നൂവെന്നും തട്ടിപ്പിന് പിന്നില്‍ ആരൊക്കെയുണ്ട് എന്നതുള്‍പ്പെടെ നിര്‍ണായക ഉത്തരങ്ങള്‍ ലഭിക്കുകയുള്ളു. എന്നാല്‍ നാളെ മുതല്‍ 15 വരെ കോടതി അവധിയായതിനാല്‍ 16ന് മാത്രമേ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കൂ.


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.