പാലാരിവട്ടം മേൽപ്പാലം അഴിമതി ; ഭരണതല ഇടപെടലിന്‌ കൂടുതൽ തെളിവുകൾ | Kerala | Deshabhimaniകൊച്ചി

പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ മുൻ യുഡിഎഫ്‌ സർക്കാരിന്റെ പങ്കിന്‌ നിഷേധിക്കാനാകാത്ത തെളിവുകൾ നിരത്തി വിജിലൻസ്‌. കേസിലെ ഒന്നാംപ്രതിയായ ആർഡിഎസ്‌ പ്രോജക്ട്‌സിനെ നിർമാണകരാർ ഏൽപ്പിച്ചതിലും ക്രമവിരുദ്ധമായി അഡ്വാൻസ്‌ തുക അനുവദിച്ചതിലും തിരിച്ചുപിടിക്കുന്നതിൽ ഇളവ്‌ അനുവദിച്ചതിലും കരാറുകാരന്‌ അനുകൂലമായ ഭരണതല ഇടപെടൽ നടന്നതായി തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. മേൽപ്പാലം നിർമാണത്തിൽ നടന്ന  ഉന്നതതല ഗൂഢാലോചനയും അഴിമതിയും പുറത്തുകൊണ്ടുവരണമെന്ന്‌ ആവർത്തിച്ചാണ്‌ വിജിലൻസ്‌ കോടതി പ്രതികൾക്ക്‌ ജാമ്യം നിഷേധിച്ചത്‌.

പാലം നിർമാണത്തിൽ സർക്കാർ നിർദേശം അനുസരിക്കുകമാത്രമാണ്‌ ചെയ്‌തതെന്ന നാലാംപ്രതി ടി ഒ സൂരജിന്റെ വാദത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്‌. നിർമാണം തുടങ്ങുംമുമ്പ്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ എന്ന പേരിൽ കരാറുകാരന്‌ പണം അനുവദിക്കാൻ വ്യവസ്ഥയില്ലാതിരിക്കെ, അതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കി.  2014 ജൂലൈ ഏഴിലെ  GO(MS) 57/14/PWDഎന്ന ഉത്തരവിലൂടെയാണ്‌ പൊതുമരാമത്തുവകുപ്പ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. കരാറുകാരൻ സമർപ്പിക്കുന്ന ബില്ലിൽനിന്ന്‌ തവണകളായി പണം തിരിച്ചുപിടിച്ചാൽ മതിയെന്നും അല്ലെങ്കിൽ നിർമാണജോലികളെ ബാധിക്കുമെന്നും ഉത്തരവിൽ നിർദേശിച്ചു. ഇതനുസരിച്ചാണ്‌ ആർബിഡിസികെ പ്രവർത്തിച്ചത്‌.

മുൻകൂർ നൽകിയ എട്ടേകാൽ കോടി രൂപ കരാറുകാരൻ സമർപ്പിക്കുന്ന ബില്ലിൽനിന്ന്‌ 30 ശതമാനംവീതം തിരിച്ചുപിടിക്കാനുള്ള കരാറും ആർഡിഎസുമായി ആർബിഡിസികെ ഒപ്പിട്ടിരുന്നു. എന്നാൽ, ടി ഒ സൂരജ്‌ ഇടപെട്ട്‌ പത്ത്‌ ശതമാനംവീതം പിടിച്ചാൽ മതിയെന്ന ഉത്തരവ്‌ നൽകി. മൂന്നു ബില്ലുകൾ ഇങ്ങനെ പാസാക്കിനൽകിയതും ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ വിജിലൻസ്‌ വാദിച്ചു. ഏഴ്‌ ശതമാനം പലിശയ്‌ക്ക്‌ 8.25 കോടി രൂപ കരാറുകാരന്‌ മുൻകൂർ നൽകിയതിനെ പിന്നീട്‌ അഡ്വക്കറ്റ്‌ ജനറൽ ചോദ്യംചെയ്‌തു. 13.5 ശതമാനം പലിശ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുപോലും ഈടാക്കിയിരുന്നപ്പോഴാണിതെന്നും കുറഞ്ഞ പലിശ സർക്കാരിന്‌ നഷ്‌ടമുണ്ടാക്കിയെന്നും ഓഡിറ്റ്‌ ഒബ്‌ജക്‌ഷനായി എജി ഉന്നയിച്ചു.

കരാറുകാരന്റെ തെരഞ്ഞെടുപ്പ്‌, മൊബിലൈസേഷൻ ഫണ്ട്‌ അനുവദിക്കൽ, നിർമാണത്തിൽ വീഴ്‌ചവരുത്തൽ എന്നിങ്ങനെ മൂന്നുതലങ്ങളിലാണ്‌ അഴിമതി അരങ്ങേറിയത്‌. കരാർ കമ്പനി അഴിമതിയുടെ ആണിയായി പ്രവർത്തിച്ചുവെന്നും അഴിമതിക്ക്‌ കുടപിടിച്ചുവെന്നും വിജിലൻസിനുവേണ്ടി ഹാജരായ അഡീഷണൽ ലീഗൽ അഡ്വൈസർ ബോധിപ്പിച്ചു.

4 പ്രതികൾക്കും ജാമ്യമില്ല

മൂവാറ്റുപുഴ

പാലാരിവട്ടം മേൽപ്പാല നിർമാണം അഴിമതി കേസിൽ ടി ഒ സൂരജ് ഉൾപ്പെടെ റിമാൻഡിൽ കഴിയുന്ന നാല് പ്രതികളുടെയും ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. പൊലീസ് അന്വേഷണം നേരിടുന്ന ഘട്ടത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു .പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നുൾപ്പെടെയുള്ളപ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കരാർ സംബന്ധിച്ച ഗവ. ഓർഡറിൽ കൃത്രിമം കാട്ടിയെന്ന വിജിലൻസ് അന്വേഷണ സംഘത്തിന്റെ വാദം കോടതി പരിശോധിച്ച ശേഷമാണ്‌ ജാമ്യാപേക്ഷ തള്ളിയത്.

വിജിലൻസ് കസ്റ്റഡിക്ക്‌ ശേഷം കഴിഞ്ഞ രണ്ടിന് കോടതിയിൽ  പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ബി കലാംപാഷ 19 വരെയാണ്  റിമാൻഡ്‌ ചെയ്തത്.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.