പാലാരിവട്ടം അഴിമതി; കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാര്‍


കൊച്ചി: പാലാരിവട്ടം കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാര്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കും. മുന്‍മന്ത്രിയെ ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കണമെന്ന വിജിലന്‍സ് ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത് .

വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു . ഇക്കാര്യങ്ങള്‍ വ്യക്തമാക്കി വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു . എന്നാല്‍ വിജിലന്‍സ് കത്ത് നല്‍കി മൂന്നാഴ്ച്ചയോളമായിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കരാറുകാരന് എട്ടര കോടി രൂപ മുന്‍കൂര്‍ അനുവദിച്ചത് നിയമ വിരുദ്ധമെന്നു വിജിലന്‍സ് കോടതിയെ അറിയിക്കുകയും ചെയ്തു.

മന്ത്രി ഇടപെട്ടാണ് പണം നല്‍കിയതെന്ന് അറസ്റ്റിലായ മുന്‍ പൊതു മരാമത്ത് സെക്രട്ടറി ടി ഓ സൂരജ് വിജിലന്‍സിനു മൊഴി നല്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനും ചോദ്യം ചെയ്യാനും വിജിലന്‍സ് അനുമതി ആവശ്യപ്പെട്ടത്.

റോഡ് ഫണ്ട് നിയമ പ്രകാരം അനുമതി ലഭിക്കുകയും തുക അനുവദിക്കുകയും ചെയ്തതാണ് പാലാരിവട്ടം മേല്‍പ്പാല പദ്ധതി. മന്ത്രി അദ്ധ്യക്ഷനായ സമിതിയാണ് പദ്ധതിക്ക് തുക അനുവദിക്കുന്നത്. അതോറിറ്റിയിലെ മറ്റു ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതും ഇത്തരത്തില്‍ പഴുതുകള്‍ സൃഷ്ടിക്കാനുള്ള നീക്കമാണെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഇല്ലാതിരിക്കുകയും ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വൈകിപ്പിക്കുകയും ചെയ്യുന്നത് വഴി കേസില്‍ പ്രതികള്‍ക്കനുകൂലമായ വീഴ്ച്ചകള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.