പാക് അധീന കശ്മീരിൽ പ്രതിഷേധ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ച് ഇമ്രാൻ ഖാൻ


ദില്ലി: കശ്മീർ വിഷയത്തിൽ ഇടപെടാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കം വീണ്ടും തള്ളി ഇന്ത്യ. ബാഹ്യ ഇടപെടൽ വേണ്ടെന്ന് ട്രംപിനെ വീണ്ടും അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനിടെ പാക് അധീന കശ്മീരിൽ വെള്ളിയാഴ്ച പ്രതിഷേധസമ്മേളനം സംഘടിപ്പിക്കുമെന്ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ചു.

കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ബാഹ്യ ഇടപെടലും വേണ്ടെന്ന് ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഈ നിലപാട് അംഗീകരിച്ച ട്രംപ് വീണ്ടും നയം മാറ്റുകയാണ്. ഇന്ത്യയേയും പാകിസ്ഥാനെയും സഹായിക്കാൻ തയ്യാറെന്ന് ട്രംപ് ഇന്നലെ വീണ്ടും മാധ്യമങ്ങളോട് പറഞ്ഞു. എങ്ങനെ സഹായിക്കും എന്ന ട്രംപ് വിശദീകരിച്ചില്ല. ഇന്ത്യാ പാകിസ്ഥാൻ സംഘർഷത്തിന് അയവ് വരുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍, ട്രംപിന്‍റെ സഹായം വേണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഈ മാസം അവസാനം പ്രധാനമന്ത്രി വാഷിംഗ്ടണിൽ വീണ്ടും ട്രംപിനെ കണ്ടേക്കും. ഇന്ത്യയുടെ നിലപാട് വീണ്ടും മോദി അറിയിക്കും. ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിലിൽ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ നിലപാടെന്ന പേരിൽ കശ്മീർ വീണ്ടും പാകിസ്ഥാൻ ഉന്നയിച്ചു. ഒരു സംഘടനയുടെയും ഇടപെടൽ ആവശ്യമില്ലെന്ന് ഇന്ത്യ കൗൺസിലിൽ വ്യക്തമാക്കിയിരുന്നു

ഇതിനിടെ, പ്രതിഷേധസമ്മേളനം സംഘടിപ്പിക്കുമെന്ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ചു. പാക് അധീന കശ്മീരിലെ മുസഫറബാദിൽ വെള്ളിയാഴ്ച വൻ പ്രതിഷേധറാലി നടത്തുമെന്നാണ് ഇമ്രാൻഖാന്‍റെ പുതിയ പ്രഖ്യാപനം. കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകർഷിക്കാനുള്ള നീക്കങ്ങൾ വിജയിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാൻഖാന്‍റെ ഈ തീരുമാനം

Last Updated 11, Sep 2019, 1:20 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.