പശ്ചിമ ബംഗാള്‍ ബിജെപിയുടെ ശക്തി കേന്ദ്രമായി മാറുന്നു; ഇടത് മുന്നണിയുമായി കൈ കോര്‍ക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം


ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടത്പക്ഷവുമായി കൈ കോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ബംഗാള്‍ ബിജെപിയുടെ ശക്തി കേന്ദ്രമായി മാറുകയാണെന്നും ഇത് തടയണമെന്നുമാണ് പ്രവര്‍ത്തകരോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാള്‍ യൂണിറ്റ് നേതാക്കളോടാണ് സോണിയാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനം മുന്‍നിര്‍ത്തി ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ്-ഇടത് സഖ്യം ശക്തിപ്പെടുത്തണമെന്ന നിര്‍ദേശം സോണിയ നേരത്തെ തന്നെ മുന്നോട്ടുവെച്ചിരുന്നു. പശ്ചിമബംഗാള്‍ പിസിസി അദ്ധ്യക്ഷന്‍ സോമെന്‍ മിത്രയുമായി ആഗസ്റ്റില്‍ നടത്തിയ കൂടിക്കാഴ്ചയിലും സോണിയ സമാനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ ബിജെപി 18 സീറ്റുകളാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രം നേടിയപ്പോള്‍ ഇടതു മുന്നണിക്കാവട്ടെ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചിരുന്നില്ല.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.