ദുരിതാശ്വാസനിധിക്കെതിരെ നുണപ്രചരണം: ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ കേസെടുത്തു | Kerala | Deshabhimaniതിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ നുണപ്രചരിപ്പിച്ച വ്യാജ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘മറുനാടന്‍ മലയാളി’ക്കെതിരെ പൊലീസ് കേസെടുത്തു. പേരൂര്‍ക്കട പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.  എസ് പി സോമകുമാര്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. കേരളാ പൊലീസ് ആക്ടിലെ 118 (ബി), 120 (എ) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ‘മറുനാടന്‍ മലയാളി’യുടെ ന്യൂസ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പ്രളയദുരിതബാധിതരായി പതിനായിരങ്ങള്‍ കഷ്‌ടതയനുഭവിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആരും സംഭാവന ചെയ്യരുതെന്നും പറഞ്ഞ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്തകള്‍ നിരന്തരം കൊടുത്തത്. സിഎംഡിആര്‍എഫിനെ സംബന്ധിച്ച് നുണപ്രചരണം നടത്തുന്നവര്‍ ഈ വാര്‍ത്തകള്‍ ഏറ്റെടുക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ജൂലൈ അഞ്ചിന് ‘അഞ്ച് നയാ പൈസ കൊടുക്കരുത്’ എന്ന തലക്കെട്ടോടെയായിരുന്നു നുണവാര്‍ത്ത. ഇതോടെയാണ് പലരും ഈ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ദുരിതാശ്വാസനിധിയിലെ പണം ചെലവഴിച്ചില്ല, ധൂര്‍ത്തടിച്ചു, ദുരുപയോഗംചെയ്‌തു തുടങ്ങിയ നുണകളാണ് കെട്ടഴിച്ചുവിടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ സംബന്ധിച്ച വിവരങ്ങള്‍ക്കായി https://cmo.kerala.gov.in/  വെബ്‌‌‌സൈറ്റില്‍  പരിശോധിച്ചാല്‍ മതി ഈ പ്രചാരണം തട്ടിപ്പാണെന്ന് ബോധ്യമാകും. നിയമസഭാരേഖകള്‍ പരിശോധിച്ചാലോ, വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാലോ സത്യമറിയാം. വസ്‌തുത ഇതായിരിക്കെയാണ് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം.

ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് സംസ്ഥാനത്ത്  19  കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.