തുറക്കൂ, ആ വാതിൽ; ഇരട്ട സെഞ്ചുറി കുറിച്ചാണ്‌ വരവ്‌ | Sports | Deshabhimani
ഇനി ആർക്ക്‌ അടയ്‌ക്കാനാകും ആ വാതിൽ. തുറന്നിട്ടോളൂ, ഇരട്ട സെഞ്ചുറി കുറിച്ചാണ്‌ വരവ്‌. കിന്നരിയായി ലോക റെക്കോഡുമുണ്ട്‌.  സഞ്‌ജു വി സാംസണെ ഇനി ഇന്ത്യൻ ടീം സെലക്ടർമാർക്ക്‌ കണ്ടില്ലെന്ന്‌ നടിക്കാനാകില്ല.വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റിലെ അസാമാന്യ പ്രകടനം ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറക്കലാണ്‌. ബിസിസിഐ അവസരം നൽകിയാൽ മാത്രം മതി. വരാനുള്ളത്‌ ട്വന്റി–-20 ലോകകപ്പാണ്‌. അതിനുമുമ്പ്‌ ഒട്ടേറെ ട്വന്റി–-20 പരമ്പരകൾ നടക്കാനുണ്ട്‌. അവസരംകിട്ടിയാൽ, ഒരു പരമ്പരയിൽ തിളങ്ങിയാൽ സഞ്‌ജു കുതിക്കും.

സഞ്‌ജുവിന്‌ ഒരു അവസരം കൊടുക്കൂയെന്ന്‌ മുൻ ക്യാപ്‌റ്റൻ സുനിൽ ഗാവസ്‌കർ ആവശ്യപ്പെട്ടുകഴിഞ്ഞു. മുൻതാരം ഗൗതം ഗംഭീറും ഈ ഇരുപത്തിനാലുകാരനെ പിന്തുണച്ച്‌ രംഗത്തെത്തി. അവസരങ്ങൾ ഏറെ കിട്ടിയിട്ടും സ്ഥിരത കണ്ടെത്താനാകാത്ത ഋഷഭ്‌ പന്തിന്‌ പകരം സഞ്‌ജുവിനെ പരീക്ഷിക്കണമെന്നാണ്‌ ആവശ്യം. 20 കളിയിൽ അവസരം കിട്ടിയിട്ടും പന്തിന്‌ തെളിയാനായിട്ടില്ല. രണ്ട് അരസെഞ്ചുറികൾ മാത്രം.

2015ലാണ്‌ സഞ്‌ജുവിന്‌ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരംകിട്ടുന്നത്‌. സിംബാബ്‌വെയ്‌ക്കെതിരെ. കളിയിൽ തിളങ്ങാനായില്ല. 24 പന്തിൽ 19 റണ്ണെടുത്ത്‌ പുറത്തായി. രണ്ടാമതൊരു അവസരം കിട്ടിയില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഉൾപ്പെട്ടെങ്കിലും കളിക്കാനായില്ല.

തുടർന്ന്‌ ബാറ്റിങ്ങിൽ സ്ഥിരത കാട്ടാത്തത്‌ സഞ്‌ജുവിനെ ബാധിച്ചു. ഐപിഎലിൽ ഇതിനിടയിലും ഉശിരൻ പ്രകടനങ്ങൾ പുറത്തെടുത്തു.ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ സെപ്‌തംബറിൽ നടന്ന ഏകദിന പരമ്പരയിലായിരുന്നു സഞ്‌ജുവിന്റെ മറ്റൊരു രൂപം കണ്ടത്‌. അവസാന രണ്ട്‌ കളിക്കുള്ള ടീമിലാണ്‌ ഉൾപ്പെട്ടത്‌. ആദ്യത്തേതിൽ ഒരു റണ്ണിന്‌ പുറത്തായി. അവസാന കളിയിൽ സഞ്‌ജു മിന്നി. മഴകാരണം 20 ഓവറാക്കി ചുരുക്കിയ കളിയിൽ സഞ്‌ജു അടിച്ചുകൂട്ടിയത്‌ 48 പന്തിൽ 91 റൺ. ഏഴ്‌ സിക്‌സറും ആറ്‌ ബൗണ്ടറികളും.

അതിന്റെ തുടർച്ചയായിരുന്നു വിജയ്‌ ഹസാരെയിലെ പ്രകടനം. 16, 67, 36, 48, 16, 212* എന്നിങ്ങനെയാണ്‌ ടൂർണമെന്റിൽ സഞ്‌ജുവിന്റെ സ്‌കോറുകൾ. ആകർഷകമായ ബാറ്റിങ്‌ ശൈലിയും വേഗത്തിൽ റണ്ണടിക്കാനുള്ള മികവുമാണ്‌ സഞ്‌ജുവിനെ വ്യത്യസ്‌തനാക്കുന്നത്‌. മഹേന്ദ്ര സിങ്‌ ധോണി വിശ്രമത്തിലാണ്‌. കഴിഞ്ഞ പരമ്പരകളിലെല്ലാം സെലക്ടർമാർ പന്തിന്‌ അവസരം നൽകി. എന്നാൽ നല്ല കളിയുണ്ടായില്ല. സഞ്‌ജുവും ആന്ധ്രാ താരം കെ എസ്‌ ഭരതും പരിഗണനാ പട്ടികയിലാണെന്ന്‌ മുഖ്യ സെലക്ടർ എം എസ്‌ കെ പ്രസാദ്‌ വ്യക്തമാക്കിയതും ഇതിനുശേഷമാണ്‌. നവംബർ ആദ്യം ബംഗ്ലാദേശിനെതിരായ ട്വന്റി–-20 പരമ്പരയ്‌ക്ക്‌ തുടക്കമാകും. ശേഷം വെസ്‌റ്റിൻഡീസുമായുള്ള പരമ്പര. അടുത്ത വർഷം ഒക്‌ടോബറിലാണ്‌ ട്വന്റി–-20 ലോകകപ്പ്‌.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.