തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എൻഡിഎ വിടണമെന്ന വികാരം ബിഡിജെഎസിൽ ശക്തമാകുന്നു


കോട്ടയം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എൻഡിഎ വിടണമെന്ന വികാരം ബിഡിജെഎസിൽ ശക്തമാകുന്നു. വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റടക്കം നൽകണമെന്ന ആവശ്യവുമായി ഒരിക്കൽ കൂടി ബിജെപി കേന്ദ്ര നേതൃത്വത്തെ ബിഡിജെഎസ് സമീപിക്കും.

ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മുന്നണി വിടണമെന്ന് ഒരു വിഭാഗം നേതാക്കൾ നിലപാടെടുത്തു കഴിഞ്ഞു. വരുന്ന ഡിസംബർ അഞ്ചിന് ബിഡിജെഎസിന് നാല് വയസ് തികയും. ഒരു രാജ്യസഭാ സീറ്റും എട്ട് ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളും നൽകുമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വാഗ്ദാനം. കിട്ടിയതാകട്ടെ മൂന്ന് ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ മാത്രം. 

ഉപതെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായെ കണ്ട് ആവശ്യങ്ങൾ നേടിയെടുക്കാൻ, തുഷാർ വെള്ളാപ്പള്ളി തന്നെ നേരിട്ട് നടത്തിയ ശ്രമങ്ങൾ പോലും പരാജയപ്പെട്ടു. ഇനിയും അവഗണന സഹിച്ച് എൻഡിഎയിൽ തുടരേണ്ടെന്ന പൊതുവികാരമാണ് കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യുട്ടീവിൽ ഉയർന്നത്. 14 ജില്ലാ പ്രസിഡന്റുമാരും മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചു.

ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം അമിത് ഷായ്ക്ക് കത്ത് നൽകും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ബിഡിജെഎസിന്‍റെ അഞ്ചാം വാർഷിക സമ്മേളനത്തിൽ മുന്നണി വിടുന്ന കാര്യം പ്രഖ്യാപിക്കും. കോൺഗ്രസും സിപിഎമ്മുമായി പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് ബിഡിജെഎസ് കണക്കുകൂട്ടുന്നു. എസ്എൻഡിപി സംവിധാനം കൂടി ഉപയോഗപ്പെടുത്തി പരമാവധി വാർഡുകളിൽ ജയിച്ചുകയറാമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു. കോൺഗ്രസ് സിപിഎം നേതാക്കളുമായി അനൗദ്യോഗിക ചർച്ചകളും ബിഡിജെഎസ് നടത്തുന്നുണ്ട്.

Last Updated 10, Nov 2019, 8:02 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.