ടി എൻ ശേഷന് വിട; സംസ്കാരം ഇന്ന്, അനുശോചിച്ച് പ്രമുഖർ


ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷന് വിട. വാർദ്ധക്യസഹജമായ അസുഖത്തെ തുട‍ർന്ന് ചെന്നൈയിലെ വസതിയിൽ ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ് വിട വാങ്ങിയത്. എസ് വൈ ഖുറേഷി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.

നികത്താനാകാത്ത നഷ്ടമാണ് ടി എൻ ശേഷന്‍റെ വിയോഗമെന്ന് പ്രമുഖർ അനുസ്മരിച്ചു. ടി എൻ ശേഷന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. തികഞ്ഞ ഉത്സാഹത്തോടും സമഗ്രതയോടും കൂടിയാണ് അദ്ദേഹം ഇന്ത്യയെ സേവിച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ടി എന്‍ ശേഷന്‍റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തവും പങ്കാളിത്തവുമുള്ളതാക്കി മാറ്റിയെന്നും പ്രധാനമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടി എന്‍ ശേഷന്‍റെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി. ടി എന്‍ ശേഷന്‍ ഇന്ത്യൻ തെരഞ്ഞെടുപ്പ് രംഗം ശക്തിപ്പെടുത്തിയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. 

‘ടി എന്‍ ശേഷന്‍ ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കി’; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

1990 ൽ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാൻ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ആറ് വര്‍ഷം തെരഞ്ഞെടുപ്പ് കമ്മീഷന് നേതൃത്വം നൽകി. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകൾ നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങൾക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശസ്തമായ മഗ്സസെ പുരസ്കാരത്തിനും ടി എൻ ശേഷൻ അർഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണ‍‍ർ എന്നാകും ടി എൻ ശേഷനെ കാലം ഇനി ഓ‍ർമ്മിക്കുക. 

1990 മുതൽ 96 വരെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല വഹിച്ചത്. ടി എൻ ശേഷന്റെ പരിഷ്കാരങ്ങൾ സുപ്രീംകോടതിയിൽ വരെയെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ കേന്ദ്ര സ‍ർക്കാ‍ർ ഇടപെടുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തിൽ കരുത്തുറ്റ ഇടപെടലുകളായിരുന്നു അദ്ദേഹം കാഴ്ച വച്ചത്. 

പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തിൽ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതിരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടായി.  തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതൽ ജനാധിപത്യപരമാക്കാനും ടി എൻ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എൻ ശേഷൻ.

രാഷ്ട്രീയക്കാരെ വിറപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

വിവാദങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ടി എൻ ശേഷൻ. രാഷ്ട്രീയ പാ‍ർട്ടികളോടും നേതാക്കളോടും നേർക്കു നേർ ഏറ്റുമുട്ടാൻ ധൈര്യം കാണിച്ച തെരഞ്ഞെടുപ്പ് കമ്മീഷണായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സംബന്ധിയായ വിഷയങ്ങളില്‍ ആധികാരികമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും രാഷ്ട്രീയ പാ‍ർട്ടികളെ കൊണ്ട് അത് അണുവിടാതെ അനുസരിപ്പിക്കാനും പോന്ന ഗാംഭീര്യം തെരഞ്ഞെടുപ്പ് ഓഫീസിന് സമ്മാനിച്ചത് ടിഎൻ ശേഷനെന്ന തലയെടുപ്പാ‍ർന്ന നേതാവായിരുന്നു. കലങ്ങി മറിഞ്ഞ ആയിരത്തി തൊണ്ണൂറുകളിലെ രാഷ്ട്രീയ കാറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ  ടി എൻ ശേഷൻ നട്ടെല്ല് നിവ‍ർത്തി നിന്നു.

പ്രവ‍ർത്തനകാലത്ത് അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനെ ശുദ്ധീകരിക്കാൻ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷനായിരുന്നു എന്ന് നിസംശയം പറയാം.

ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ശേഷൻ കൊണ്ടു വന്ന ചില പരിഷ്കാരങ്ങൾ ഇവയൊക്കെയാണ്

മാതൃകാപെരുമാറ്റച്ചട്ടം (Model Code of Conduct)
അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ക്കെല്ലാം നിര്‍ബന്ധമായും വോട്ടര്‍ ഐഡി നല്‍കി
തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നൽകി
നിരീക്ഷകരും മറ്റു കമ്മീഷന്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി
സുതാര്യവും കാര്യക്ഷമവും കര്‍ശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് 
വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍/വിരട്ടല്‍ , തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം, ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം തുടങ്ങി ആ കാലത്ത് സജീവമായിരുന്ന ദുശീലങ്ങളെല്ലാം ടി എൻ ശേഷൻ നേരിട്ട് ഇടപെട്ട് അവസാനിപ്പിച്ചു. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകുന്നതിന് മുൻപ് കാബിനറ്റ് സെക്രട്ടറി റാങ്കിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നു. ആ പദവിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനിലും ചരിത്രം എന്നും ഓർമ്മിക്കുന്ന പ്രവ‍ർത്തനങ്ങൾ ടി എൻ ശേഷൻ എന്ന പാലക്കാട്ടുകാരന് കാഴ്ച വയ്ക്കാനായി.1936ൽ പാലക്കാട്ടെ തിരുനെല്ലായിയിൽ ആയിരുന്നു ടി എൻ ശേഷൻ ജനിച്ചത്. മദ്രാസ് ക്രിസ്ത്യൻ കോളേജ്, ഹാ‍ർവാർഡ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ കൂടാതെ മറ്റ്  പദവികളിലും മികച്ച സേവനം കാഴ്ച വച്ച ടി എൻ ശേഷന് 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മാത്രമാണ് തിരിച്ചടി നേരിട്ടത്. കെ ആർ നാരാണയണനുമായുള്ള മത്സരത്തിൽ തോറ്റതായിരുന്നു  അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പരാജയം.

Last Updated 11, Nov 2019, 7:16 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.